മുസഫര്‍നഗര്‍- ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ മൈലാഞ്ചി വില്‍പ്പനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഹിന്ദുത്വ സംഘടനയായ ക്രാന്തി സേനയിലെ 25 അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. മര്‍ദനമേറ്റ പ്രകാശ് ചന്ദിന്റെ പരാതിയില്‍ കലാപം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു സ്ത്രീകളുടെ കയ്യില്‍ മുസ്‌ലിംകള്‍ മൈലാഞ്ചിയിട്ടു കൊടുക്കുന്നതിനെതിരെ പ്രദേശത്ത് ക്രാന്തി സേന പ്രത്യേക പ്രചാരണം നടത്തിവരുന്നുണ്ട്. എന്നാല്‍ ഈ കേസില്‍ പോലീസ് ഈ പ്രചാരണത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.
ക്രാന്തി സേന പ്രവര്‍ത്തകര്‍ മുസ്‌ലിം മൈലാഞ്ചി വില്‍പ്പനക്കാര്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹിന്ദു സ്ത്രീകളെ ഇവര്‍ വലയിലാക്കി മതംമാറ്റുമെന്നാണ് ഈ തീവ്ര ഹിന്ദുത്വവാദികളുടെ പ്രചരണം.