ന്യൂദല്‍ഹി- ഇന്ത്യയില്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെടെ ചുരുങ്ങിയത് 15 കോടി പേര്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യത്ത് ഇപ്പോഴും 25 കോടിയോളം പേര്‍ സാക്ഷരതയുടെ അടിസ്ഥാന നിര്‍വചന പ്രകാരം സാക്ഷരര്‍ അല്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ തൊഴില്‍ സൃഷ്ടിപ്പും സംരംഭകത്വവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് വയസ്സിനും 22 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണമെടുത്താല്‍ 35 കോടി പേരാണ് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള അംഗന്‍വാടി, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു നൈപുണി പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ചേര്‍ന്നിട്ടുള്ളത്. ഈ പ്രായഗണത്തില്‍ 50 കോടി പേരാണ് ഇന്ത്യയിലുള്ളത്. കുട്ടികളും യുവജനങ്ങളും ഉള്‍പ്പെടെ 15 കോടി പേര്‍ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിനു പുറത്താണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്- മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യം നടത്തിയ സെന്‍സസില്‍ ഇന്ത്യയില്‍ 19 ശതമാനം പേര്‍ മാത്രമായിരുന്നു സാക്ഷരത നേടിയവര്‍. 75 വര്‍ഷങ്ങള്‍ക്കു ശേഷം 80 ശതമാനം ഇന്ത്യക്കാരും സാക്ഷരത നേടി. അതായത് ജനസംഖ്യയുടെ 20 ശതമാനം, ഏകദേശം 25 കോടിയോളം പേര്‍ ഇപ്പോഴും സാക്ഷരതയുടെ പ്രാഥമിക നിര്‍വചന പ്രകാരം സാക്ഷരത നേടിയിട്ടില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ വിദ്യാഭ്യാസ നയം വെറുമൊരു രേഖയല്ലെന്നും സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നേടിയെടുക്കാനുള്ള ലക്ഷ്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.