ന്യൂദല്‍ഹി- സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം തന്റെ പങ്കാളിയെ വിവാഹം ചെയ്യാനൊരുങ്ങിയ വ്യക്തിയുടെ വീട്ടിലേക്ക് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് ദല്‍ഹി ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മജിസ്ട്രറ്റിന് ഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസും അയച്ചു. നീതി നിര്‍വഹണത്തിന് തടസ്സം വരുത്തുകയും കോടതിയലക്ഷ്യം നടത്തുകയും ചെയ്തതിനുള്ള നടപടി ഒഴിവാക്കണമെങ്കില്‍ കാരണം വ്യക്തമാക്കി മറുപടി നല്‍കണമെന്ന് ജസ്റ്റിസ് നജ്മി വസീരി നോട്ടീസില്‍ വ്യക്തമാക്കി. മിശ്രവിവാഹിതരായ ദമ്പതിമാരുടെ ഹര്‍ജിയിലാണ് കോടതി നടപടി.
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടു പേര്‍ തീരുമാനിച്ചാല്‍ അവരുടെ വീട്ടിലേക്ക് നോട്ടീസ് അയക്കാന്‍ പാടില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഇത്തരത്തില്‍ നോട്ടീസ് അയക്കുന്നത് നിരോധിച്ചിട്ടുണ്ട്. ദമ്പതിമാരുടെ വീട്ടിലേക്ക് നോട്ടീസ് അയക്കുന്നത് അവരുടെ വിവാഹ പദ്ധതി പൊളിക്കാന്‍ ഇടവരുത്തിയേക്കാം. ഭീഷണിയോ ആക്രമണമോ നേരിടേണ്ടിയും വന്നേക്കാം- കോടതി പറഞ്ഞു. കേസ് സെപ്തംബര്‍ എട്ടിനു വീണ്ടും പരിഗണിക്കും.
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കുന്നവര്‍ക്കുള്ള നോട്ടീസ് ഓഫീസിനു പുറത്തെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചാല്‍ മതിയെന്നും വീട്ടിലേക്ക് അയക്കരുതെന്നും 2009 ഏപ്രിലില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം ദല്‍ഹി സര്‍ക്കാര്‍ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.