കാബൂള്‍- അഫ്ഗാനിസ്ഥാനിലെ അക്രമങ്ങളും പോരും അവസാനിപ്പിക്കുന്നതിന് താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ അധികാരം പങ്കിടല്‍ നീക്കം നടത്തുന്നു. അഫ്ഗാന്‍ സര്‍ക്കാരിന്റെ മധ്യസ്ഥര്‍ ഖത്തറില്‍ നടന്ന ചര്‍ച്ചയിലാണ് അധികാരം പങ്കിടല്‍ ഓഫര്‍ താലിബാനു മുന്നില്‍വച്ചതെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ സേനയെ കീഴടക്കി മുന്നേറുന്ന താലിബാന്‍ തലസ്ഥാനമായ കാബൂളിനു സമീപമുള്ള പ്രവിശ്യാ തലസ്ഥാനമായ ഗസ്‌നിയുടെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതോടെ 10 പ്രവിശ്യാ തലസ്ഥാനങ്ങള്‍ താലിബാന്‍ നിയന്ത്രണത്തിലായി. വൈകാതെ കാബൂള്‍ പിടിച്ചെടുക്കുമെന്നാണ് മുന്നറിയിപ്പ്. കാബൂളിനു സമീപത്തെ ഇന്റലിജന്‍സ് താവളത്തിനും സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ താലിബാന്‍ കടുത്ത ആക്രമണം നടത്തുകയാണ്.
മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചടക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിവരം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പേരുവെളിപ്പെടുത്താത്ത ഓരു യുഎസ് സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.