ന്യൂദൽഹി- രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെയും ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം ഫേസ്ബുക്കിലൂടെ സ്ക്രീന്‍ഷോട്ട് സഹിതം കോണ്‍ഗ്രസ് അറിയിച്ചു.
നേരത്തേ, കെ.സി. വേണുഗോപാല്‍ , രൺദീപ് സിംഗ് സുർജെവാല , സുഷ്മിത ദേവ്, മാണിക്യം ടാഗോർ, അജയ് മാക്കൻ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചതായി കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
പാർട്ടിയെ രാജ്യത്ത് നിശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശമാണ് നേതാക്കള്‍ ഉന്നയിച്ചത്.
മോഡി കോണ്‍ഗ്രസിനെ ഭയപ്പെടുന്നുവെന്നും പാർട്ടി വിജയിച്ചിരിക്കയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
സത്യത്തിലും അഹിംസയിലും ഉറച്ചു നിന്നുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.