Sorry, you need to enable JavaScript to visit this website.

ദോസ്തമിന്റെ സഹായം തേടി അഫ്ഗാന്‍ പ്രസിഡന്റ് മസാറെ ശരീഫില്‍

മസാറെ ശരീഫ്- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈനിക മുന്നേറ്റം തുടരുന്ന വടക്കന്‍ പട്ടണമായ മസാറെ ശരീഫില്‍ സൈന്യത്തിനു പിന്തുണ നല്‍കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ സന്ദര്‍ശനം. ദീര്‍ഘകാലമായി താലിബാന്‍ വിരുദ്ധമായി അറിയപ്പെടുന്ന മസാറെ ശരീഫിന്റെ നിയന്ത്രണം നഷ്ടമായാല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. കുന്ദുസിന് സമീപം എയര്‍പോര്‍ട്ടില്‍ നൂറുകണക്കിനു സര്‍ക്കാര്‍ സൈനികര്‍  താലിബന്‍ മുമ്പാകെ കീഴടങ്ങിയിരിക്കയാണ്.
അഫ്ഗാനിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ ഒമ്പതെണ്ണം താലിബാന്‍ നിയന്ത്രണത്തിലായിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണം 24 മണിക്കൂറിനിടെയാണ് പിടിച്ചത്.
മസാറെ ശരീഫിലെത്തിയ അശ്‌റഫ് ഗനി ഉസ്‌ബെക് നേതാവ് അബ്ദുള്‍ റഷീദ് ദോസ്തവുമായും പ്രമുഖ താജിക് നേതാവ് അത്താ മുഹമ്മദ് നൂറുമായും ചര്‍ച്ച നടത്തി. നഗരത്തെ എങ്ങനെ താലിബാനില്‍നിന്ന് പ്രതിരോധിക്കാമെന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. താലിബാന്‍ ഇതിനുമുമ്പും വടക്കോട്ട് വന്നിട്ടുണ്ടെന്നും അവര്‍ കുടുങ്ങിയിട്ടേയുള്ളൂവെന്നും ദോസ്തം പറഞ്ഞു.
അഫ്ഗാന്‍ ദേശീയ സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോത്ര നേതാക്കളേയും സേനകളേയും തഴഞ്ഞിരുന്ന പ്രസിഡന്റ് ഗനി ഒടുവില്‍ അവരുടെ തന്നെ സഹായം തേടിയിരിക്കയാണ്. സര്‍ക്കാര്‍ അനുകൂലിക്കുന്ന സായുധ സംഘങ്ങള്‍ക്ക് ആയുധം നല്‍കുമെന്നും കഴിഞ്ഞയാഴ്ച പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് മസാറെ ശരീഫ്. ഈ പട്ടണം നഷ്ടമായാല്‍ അഫ്ഗാനിസ്ഥാന്റെ വടക്ക് സര്‍ക്കാരിനു പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയാണാണുണ്ടാവുക.  

 

Latest News