മുംബൈ- വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനം കൊടുക്കുന്നത് അവരുടെ മാന്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റം തന്നെയാണെന്ന് ബോംബെ ഹൈക്കോടതി. 2011 ല്‍ അകോലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നാഗ്പുര്‍ ബെഞ്ചിന്റെ നിരീക്ഷണം. സ്ത്രീയുടെ മാന്യത വിലപ്പെട്ട രത്‌നം പോലെയാണെന്നും അതിനുനേരെ കടന്നുകയറ്റം ഉണ്ടായോ എന്ന് കണ്ടെത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പത്ത് വര്‍ഷത്തിനു മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 45 വയസുള്ള സ്ത്രീ പാത്രം കഴുകിക്കൊണ്ടിരിക്കവെ കട ഉടമയായ ശ്രീകൃഷ്ണ തിവാരി അവരെ സമീപിക്കുകയും പ്രണയ ലേഖനം കൈമാറാന്‍ ശ്രമിക്കുകയും ചെയ്തു. സ്ത്രീ അത് വാങ്ങാന്‍ വിസമ്മതിച്ചതോടെ തിവാരി പ്രണയ ലേഖനം എറിഞ്ഞുകൊടുത്തു. തുടര്‍ന്ന് 'ഐ ലവ് യൂ' പറയുകയും ചെയ്തു.
തൊട്ടടുത്ത ദിവസം കട ഉടമ സ്ത്രീയോട് അശ്ലീല ആംഗ്യങ്ങള്‍ കാട്ടുകയും പ്രണയ ലേഖനത്തിന്റെ കാര്യം ആരോടും പറയരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീ നല്‍കിയ പരാതിയില്‍ കട ഉടമയ്‌ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കേസില്‍ 2018 ല്‍ സെഷന്‍സ് കോടതി കട ഉടമയ്ക്ക് രണ്ടു വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. പിഴ തുക പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പിന്നീട് സെഷന്‍സ് കോടതി വിധിക്കെതിരെ തിവാരി അപ്പീല്‍ നല്‍കി. പരാതിക്കാരി തന്റെ കടയില്‍ നിന്നും സാധനങ്ങള്‍ കടമായി വാങ്ങിക്കുകയും പണം ആവശ്യപ്പെട്ടപ്പോള്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കുകയും ചെയ്തുവെന്നാണ് തിവാരി അവകാശപ്പെട്ടത്. എന്നാല്‍, തെളിവുകള്‍ വിശ്വാസയോഗ്യമാണെന്ന് നിരീക്ഷിച്ച കോടതി തിവാരിയുടെ വാദങ്ങള്‍ തള്ളി. തിവാരി ഇതിനകം 45 ദിവസം തടവുശിക്ഷ അനുഭവിച്ചതിനാല്‍ ഇനി ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.