ഷിംല- ഹിമാചല്‍ പ്രദേശിലെ കിന്നോറിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചു. 30ഓളം പേരെ കണ്ടെത്താനുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. നിരവധി വാഹനങ്ങളാണ് മണ്ണിനടിയില്‍ അകപ്പെട്ടിരിക്കുന്നത്. ഇതില്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസും കാറുകളും ഉള്‍പ്പെടും. റെക്കോങ് പിയോ-ഷിംല ഹൈവേയിലാണ് ദുരന്തമുണ്ടായത്.
ഷിംലയിലേക്കു പോകുകയായിരുന്ന ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നതായാണ് റിപോര്‍ട്ട്. 30ഓളം പേര്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ പറയുന്നു. രക്ഷപ്പെടുത്തിയ 10 പേരെ ആശുപത്രിയിലേക്കു മാറ്റി. ഉയര്‍ന്നു നില്‍ക്കുന്ന മലഞ്ചെരുവിലൂടെയുള്ള റോഡിലേക്ക് ഉയരത്തില്‍ നിന്നും മണ്ണുംപാറയും ഇടിഞ്ഞ് വീണ് അപകടം സംഭവിക്കുകയായിരുന്നു.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 200 സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം രാത്രിയിലേക്കും നീണ്ടേക്കാമെന്ന് ഐടിബിപി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ഈ മേഖല വളരെ അപകടകരമായ നിലയിലാണ് ഇപ്പോഴുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ പറഞ്ഞു.
തുടച്ചയായ കനത്ത മഴ മൂലം സംസ്ഥാനത്ത് പലയിടത്തും ഒരാഴ്ചയായി ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പാറയിടിഞ്ഞു വീണ് ഒമ്പത് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതും കിന്നോറിലെ മറ്റൊരിടത്തായിരുന്നു.
PM @narendramodi spoke to Himachal Pradesh CM @jairamthakurbjp regarding the situation in the wake of the landslide in Kinnaur. PM assured all possible support in the ongoing rescue operations.
— PMO India (@PMOIndia) August 11, 2021