ന്യൂദല്‍ഹി- ഇന്ത്യയുടെ അഭിമാനം അതിന്റെ പരമ്പരാഗത വിജ്ഞാനമാണെന്നും മറ്റു രാജ്യങ്ങളെ നോക്കി കോപ്പി അടിക്കേണ്ടതില്ലെന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യ ജന്മം കൊണ്ടത് അതിന്റെ വിജ്ഞാന പാരമ്പര്യം മുഴുവന്‍ ലോകവുമായി പങ്കുവയ്ക്കാനാണ്. ഇന്ത്യയെ കുറിച്ചുള്ള വിജ്ഞാന സാഗരം എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചയ്യേണ്ടതുണ്ടെന്നും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ ബുക്ക് ട്രസ് പ്രസിദ്ധീകരിച്ച ഭാരത് വൈഭവ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയും യുഎസും റഷ്യയും പോലെ എന്തു കൊണ്ട് നമുക്കും കാര്യങ്ങള്‍ ചെയ്യാനാകുന്നില്ല എന്ന് പലരും ചോദിക്കാറുണ്ട്. മറ്റേതെങ്കിലും രാജ്യത്തെ നമുക്ക് കോപ്പി അടിക്കേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. നാം നമ്മുടെതായി രീതിയില്‍ കാര്യങ്ങള്‍ ചെയ്യും- ഭാഗവത് പറഞ്ഞു.
ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സംവിധാനത്തെയും ഇന്ത്യയുടെ വ്യത്യസ്തതേയും വരച്ചു കാട്ടുന്ന പുസ്തകമാണ് ഭാരത് വൈഭവ്. പ്രകാശന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്തു.