ന്യൂദല്‍ഹി- ദല്‍ഹി മുന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരേയും ഒമ്പത് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരേയും കോടതി കുറ്റവിമുക്തരാക്കി. അതേസമയം എഎഎപി എംഎല്‍എമാരായ അമാനത്തുല്ല ഖാന്‍, പ്രകാശ് ജര്‍വാള്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താമെന്നും പ്രത്യേക കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ദല്‍ഹി പോലീസ് നടത്തിയ ഗൂഢാലോചന ഈ വിധിയോടെ വെളിപ്പെട്ടുവെന്ന് സിസോദിയ പറഞ്ഞു. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെ തന്നെ ആക്രമിച്ചുവെന്നായിരുന്നു അന്നത്തെ ചീഫ് സെക്രട്ടറി പ്രകാശിന്റെ ആരോപണം.
തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമാണെന്ന് കോടതി വ്യക്തമാക്കിയതായും മുഖ്യമന്ത്രിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും സിസോദിയ പ്രതികരിച്ചു. പ്രധാനമന്ത്രി മോഡിക്കും ബിജെപിക്കും വേണ്ടിയാണ് ദല്‍ഹി പോലീസ് ഈ ഗൂഢാലോചന നടത്തിയത്. ഇന്ന് സത്യം വിജയിച്ചിരിക്കുന്നതു. കോടതിയിലുള്ള വിശ്വാസം വര്‍ധിച്ചിരിക്കുന്നു- അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബിജെപിയും പ്രധാനമന്ത്രി മോഡിയും അരവിന്ദ് കേജ്രിവാളിനോട് മാപ്പു പറയണെന്നും അദ്ദേഹം രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണെന്നും സിസിദോയ പറഞ്ഞു.