ജയ്പൂര്‍- 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടി വാര്‍ത്തകളില്‍ താരങ്ങളായി മാറുകയും പിന്നീട് വിവാഹിതരാകുകയും ചെയ്ത ഐഎഎസ് ദമ്പതിമാരായ ടിന ഡാബിയും അത്താര്‍ ആമിര്‍ ഖാനും വിവാഹ ബന്ധം അവസാനിപ്പിച്ചു. ജയ്പൂരിലെ ഒരു കുടുംബ കോടതി ഇവരുടെ വിവാഹമോചന അപേക്ഷ അംഗീകരിച്ചു വേര്‍പിരിയാന്‍ വഴിയൊരുക്കി. ഒന്നാം റാങ്കുകാരിയായ ടിനയും രണ്ടാം റാങ്കുകാരനായ ആമിറും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം സിനിമയെ വെല്ലുന്ന കഥകളായിരുന്നു.
പരസ്പര സമ്മതത്തോടെ വിവാഹ ബന്ധം വേര്‍പിരിയാന്‍ നവംബറിലാണ് ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. രാജസ്ഥാന്‍ കേഡല്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഇരുവരും ജയ്പൂരിലാണ് ജോലി ചെയ്തിരുന്നത്. ജമ്മു കശ്മീര്‍ കേഡറിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിച്ച അത്താര്‍ ആമിര്‍ ഇപ്പോള്‍ ശ്രീനഗറിലാണ്.
ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് സമുദായംഗം കൂടിയാണ് ടിന ഡാബി. ആദ്യ ശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക് സ്വന്തമാക്കിയ നേട്ടം എറെ സവിശേഷമായിരുന്നു. കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ അത്താര്‍ ആമിറുമായി ഐഎഎസ് ട്രെയ്‌നിങിനിടെയാണ് ടിന പ്രണയത്തിലായത്. 2018ല്‍ ഇരുവരും വിവാഹം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാര്‍, ലോക്‌സഭാ മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങി ഉന്നതരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഹിന്ദുത്വവാദികളുടെ ലവ് ജിഹാദ് ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഘട്ടത്തിലായിരുന്ന ടിനയുടേയും അത്താറിന്റെയും മിശ്രവിവാഹം. ഇതിനെതിരേയും സമൂഹ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായി. എന്നാല്‍ ഈ കോലാഹലങ്ങളൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നും വിവാഹം മത വ്യത്യാസങ്ങള്‍ക്കു മുകളിലാണെന്നുമായിരുന്നു ടിനയുടെ പ്രതികരണം.