കോഴിക്കോട്- കട്ടിപ്പാറയിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച കായിക അധ്യാപകന്റെ സഹായിയായിരുന്ന സ്ത്രീ അറസ്റ്റിൽ. നെല്ലിപ്പൊയിൽ സ്വദേശിനി ഷൈനിയെയാണ് കസ്റ്റഡിയിൽ എടുത്ത് മൂന്ന് മണിക്കൂർ ചോദ്യം ചെയ്തശേഷം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനക്കേസുകൾ ഒതുക്കാൻ അധ്യാപകന് സഹായം ചെയ്ത പൂർവ വിദ്യാർഥിനിക്കായും പോലീസ് അന്വേഷണം ആരംഭിച്ചു.
വിദ്യാർഥിനികളെ പീഡിപ്പിക്കാൻ കായിക അധ്യാപകൻ വി ടി മിനീഷിന് ഷൈനിയാണ് ഒത്താശ നൽകിയതെന്ന് പോലീസ് കണ്ടെത്തി. നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടിലേക്കാണ് വിദ്യാർഥിനികളെ മിനീഷ് വിളിച്ചു വരുത്തിയിരുന്നത്. മിനീഷിനെതിരെ അഞ്ച് പീഡന പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ രണ്ടു പീഡനവും നടന്നത് നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടിൽ വച്ചാണ്.
ഷൈനിയെ കൂടാതെ പീഡനക്കേസുകൾ ഒത്തുതീർപ്പാക്കാൻ അധ്യാപകനെ സഹായിച്ച പൂർവ വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരങ്ങളും വിദ്യാർഥിനികൾ കൈമാറിയിട്ടുണ്ട്. ഈ പൂർവ വിദ്യാർഥിനിയെ ഉടൻ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിൽ കായിക അധ്യാപകന്റെ കേട്ടാൽ അറയ്ക്കുന്ന ഭാഷയും പീഡനവും വിദ്യാർഥിനികൾ അക്കമിട്ട് നിരത്തിയിരുന്നു. കോടഞ്ചേരി സ്വദേശി വി ടി മനീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ മറ്റൊരു സ്കൂളിൽ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന വി ടി മിനീഷിനെ ഇപ്പോൾ ജോലി ചെയ്തിരുന്ന സ്കൂളിൽ നിയമിക്കുകയായിരുന്നു. ഇയാൾക്കെതിരെ നാട്ടുകാർ നേരത്തെ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.