ഷില്ലോങ്- ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ എന്ന എടിഎം കണ്ടുപിടിച്ച സ്‌കോട്‌ലന്‍ഡുകാരന്‍ ജോണ്‍ അഡ്രിയന്‍ ഷെപേര്‍ഡ് ബാരന്‍ 1925ല്‍ ജനിച്ച മേഘാലയയിലെ ആശുപത്രിയില്‍ എടിഎം സ്ഥാപിച്ചു. ജോണ്‍ അഡ്രിയന്‍ താന്‍ നിര്‍മ്മിച്ച ആദ്യ എടിഎം മെഷീന്‍ വിജയകരമായി സ്ഥാപിച്ച് 53 വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഷില്ലോങിലെ ഡോ. എച് ഗോര്‍ഡന്‍ റോബര്‍ട്‌സ് ഹോസ്പിറ്റലില്‍ ഒരു എടിഎം സ്ഥാപിക്കപ്പെടുന്നത്. അടുത്ത വര്‍ഷം നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ആശുപത്രിയില്‍ ഒരു എടിഎം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിക്കുകയായിരുന്നു. അവരത് അംഗീകരിച്ചു. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇത് വലിയ സൗകര്യമാകും. എടിഎം ഉപജ്ഞാതാവ് 96 വര്‍ഷം മുമ്പ് ജനിച്ച ആശുപത്രി കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്- ആശുപത്രിയിലെ മെഡിക്കല്‍ സുപ്രണ്ട് ഡോ. റോകന്‍ നോന്‍ഗ്രം പറഞ്ഞു.
സ്വയം നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കുന്ന യന്ത്രം എന്ന ആശയം 1965ലാണ് ജോണ്‍ അഡ്രിയന്റെ മനസ്സില്‍ ഉദിക്കുന്നത്. ചോക്ലേറ്റ് ബാറുകള്‍ വിതരണം ചെയ്യുന്ന ഒരു യന്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഇത്. അദ്ദേഹം നിര്‍മിച്ച ആദ്യ എടിഎം 1967ല്‍ ലണ്ടനിലെ ഒരു ബാങ്കില്‍ സ്ഥാപിച്ചു. ഇന്ത്യയില്‍ ജനിച്ച ജോണ്‍ അഡ്രിയന്‍ 2010ല്‍ തന്റെ സ്വദേശമായ സ്‌കോട്‌ലന്‍ഡിലാണ് മരിച്ചത്.