കോഴിക്കോട്- പ്ലസ്വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിനതടവ്. കല്ലായി കപ്പക്കല്‍ മുണ്ടി പറമ്പില്‍ മുഹമ്മദ് ഹര്‍ഷാദിനാണ് കോഴിക്കോട് പോക്സോ കോടതി ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചത്. പിഴശിക്ഷക്കൊപ്പം പ്രതി ജീവിതാന്ത്യം വരെ കഠിന തടവില്‍ ജയിലില്‍ കഴിയണമെന്ന് കോടതി വിധിച്ചു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ ഇരക്ക് നഷ്ടപരിഹാരമായി നല്‍കും.
വയറുവേദനയാണെന്ന് പറഞ്ഞ പെണ്‍കുട്ടി പുലര്‍ച്ചെ കുളിമുറിയില്‍ പ്രസവിച്ചതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ പെണ്‍കുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു. പോലിസില്‍ പരാതിയും നല്‍കി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മുഹമ്മദ് ഹര്‍ഷാദ് പിടിയിലായത്.
പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തി. വെള്ളയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്.