ന്യൂയോർക്ക്- സെനറ്റിൽ വോട്ടെടുപ്പ് പരാജയപ്പെട്ടതിനെ തുടർന്ന് ധനബിൽ പാസാക്കാനാകാത്തതിനാൽ അമേരിക്കയിൽ പ്രതിസന്ധി രൂക്ഷമായി. ഇന്ന് പുലർച്ചെ നടന്ന സെനറ്റർമാരുടെ യോഗത്തിലാണ് ധനബിൽ പരാജയപ്പെട്ടത്. ഇതോടെ അമേരിക്കൻ സർക്കാറിന്റെ തന്നെ പ്രവർത്തനം നിലച്ചു. അറുപത് വോട്ടാണ് ബിൽ പാസാകാൻ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് വേണ്ടിയിരുന്നത്. എന്നാൽ അൻപത് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അഞ്ചു ഡമോക്രാറ്റ് സെനറ്റർമാർ ബിലിനെ അനുകൂലിച്ചപ്പോൾ നാലു റിപ്പബ്ലിക് അംഗങ്ങൾ എതിർത്ത് വോട്ടു ചെയ്തു. ഡ്രീമേഴ്‌സ് എന്നറിയപ്പെടുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങൾ പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് ബിൽ പാസാകാതിരുന്നത്.
അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ് ഒരു വർഷമാകുന്ന ദിവസമാണ് അമേരിക്ക പ്രതിസന്ധിയിലായത്. ഡമോക്രാറ്റുകളാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് ട്രംപ് ആരോപിച്ചു.