അലഹാബാദ് - ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കരുതെന്നും സമയമാകുമ്പോൾ എല്ലാം നിറവേറ്റപ്പെടുമെന്നും സന്യാസിമാരോട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഘപരിവാർ സംഘടനയായ വി.എച്ച്.പി സംഘടിപ്പിച്ച സന്യാസിമാരുടെ സമ്മേളനത്തിലാണ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പേരെടുത്ത് പരാമർശിക്കാതെ ഈ ആവശ്യം ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടത്. സമ്മേളനത്തിൽ പ്രസംഗിച്ച സന്യാസിമാരെല്ലാം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ശക്തമായി വാദിച്ചിരുന്നു.
യോഗയ്ക്കും കുഭംമേളകൾക്കും ആഗോള പ്രശസ്തി നേടിക്കൊടുക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിജയിച്ച പോലെ മറ്റു പ്രധാന ആവശ്യങ്ങളും അതിന്റെ സമയത്ത് നിറവേറ്റപ്പെടുമെന്ന് ആദിത്യനാഥ് പറഞ്ഞു. 'യോഗയ്ക്ക് ആഗോള പ്രശസ്തി ലഭിക്കണമെന്ന് സന്യാസിമാർ ആവശ്യപ്പെട്ടിരുന്നോ? കുംഭമേളയ്ക്കും പൈതൃക പദവി ലഭിച്ചില്ലെ? ഉന്നയിക്കപ്പെടാതെ തന്നെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടെങ്കിൽ സന്യാസിമാർ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കരുത്,' ആദിത്യനാഥ് പറഞ്ഞു. സന്യാസിമാർ അനുഗ്രഹം ചൊരിഞ്ഞാൽ മതിയെന്നും ജോലികളെല്ലാം അപ്പോൾ പൂർത്തീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.