തിരുവനന്തപുരം- നാലു പതിറ്റാണ്ടിനു ശേഷം ഒളിംപിക്‌സ് മെഡല്‍ നേടിയ ഇന്ത്യയുടെ ദേശീയ പുരുഷ ഹോക്കി ടീമില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം പി ആര്‍ ശ്രീജേഷിനുള്ള കേരളത്തിന്റെ പാരിതോഷികം നാളെ പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ശ്രീജേഷിനെ തഴഞ്ഞു എന്ന പ്രചാരണം തെറ്റാണെന്നും കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശ്രീജേഷിനുള്ള പാരിതോഷികം നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ശ്രീജേഷ് മെഡല്‍ നേടിയതിനു ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. ഇതാണ് പ്രഖ്യാപനം വൈകുന്നത്. എല്ലാകാര്യങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചെ ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപോർട്ട് ചെയ്യുന്നു.
ഒളിംപിക്‌സിനു പോയ എല്ലാ മലയാളി താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം മുന്‍കൂറായി ധനസഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കി. ശ്രീജേഷ് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അദ്ദേഹത്തിന് സംസ്ഥാനം ജോലി നല്‍കി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒന്നും നല്‍കിയില്ലെന്നത് തെറ്റായ പ്രചരണമാണ്, ഇതിനോട് പ്രതികരിക്കാനില്ല. അറുനൂറോളം കായിക താരങ്ങള്‍ക്ക് ഇതിനകം സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.