എം.പി, എം.എല്‍.എമാര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ അനുമതി തേടണം- സുപ്രീം കോടതി

ന്യൂദല്‍ഹി- അതത് ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തിലാണ് സുപ്രീംകോടതി നടപടി.

നിയമസഭാ കൈയാങ്കളിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി നേരത്തെ കേരള ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ എം.എല്‍.എമാര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

പിന്നാലെയാണ് സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ കേസുകള്‍ നടക്കുന്ന പ്രത്യേക കോടതികളിലെ ജഡ്ജിമാര്‍ സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിലവിലെ സ്ഥാനത്ത് തുടരണമെന്നും നിര്‍ദേശമുണ്ട്.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ,ജസ്റ്റിസുമാരായ വിനീത് ശരണ്‍, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്.

 

Latest News