ന്യൂദല്‍ഹി- കോടതി സംവിധാനങ്ങളില്‍ വിശ്വാസം വേണമെന്നും കോടതി പരിഗണിക്കുന്ന വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സമാന്തര ചര്‍ച്ചകള്‍ വേണ്ടെന്നും സുപ്രീം കോടതി. ഇസ്രായീലി ചാര സോഫ്റ്റ് വെയര്‍ പെഗസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പൗരന്മാര്‍ക്കെതിരെ ചാരവൃത്തി നടത്തിയ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച പ്രതിപക്ഷ നേതാക്കളോടും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോടുമാണ് കോടതി ഇങ്ങനെ പറഞ്ഞത്.
'എന്തിനാണ് സമാന്തര ചര്‍ച്ചകള്‍ നടത്തുന്നത്? മാധ്യമങ്ങളില്‍ വന്നു എന്ന് പറയുന്നതും ഉത്തരം പറയേണ്ട ചോദ്യങ്ങളും എന്തുതന്നെ ആയാലും അവ സംബന്ധിച്ച് കോടതിയില്‍ ശരിയായ ചര്‍ച്ച നടക്കേണ്ടതുണ്ട്. ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് എതിരല്ല. എന്നാല്‍ കോടതിയിലിരിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച കോടതിയില്‍ തന്നെ നടക്കണം'- ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിക്കാര്‍ക്കുള്ള മറുപടി തയാറാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനാല്‍ ഹര്‍ജി വീണ്ടും പരിഗണിക്കാനായി തിങ്കളാഴ്ചത്തേക്കു മാറ്റി. ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായി കപില്‍ സിബലാണ്.
പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രഹസ്യ നിരീക്ഷണം നടന്നു എന്ന് ആരോപിക്കുന്ന മാധ്യമ റിപോര്‍ട്ടുകള്‍ വസ്തുതയാണെങ്കില്‍ അത് ഗൗരവമേറിയ വിഷയമാണെന്ന് ഹര്‍ജികള്‍ പരിഗണിക്കവെ വ്യാഴാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു.