Sorry, you need to enable JavaScript to visit this website.

സിബലിന്റെ വീട്ടില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് വിരുന്ന്; ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനം

ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായി കപില്‍ സിബല്‍ തന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് അത്താഴ വിരുന്ന് സംഘടിപ്പിച്ചു. സിബലിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള വിരുന്നായിരുന്നെങ്കിലും ഇത് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു രാഷ്ട്രീയ കൂട്ടായ്മയായി മാറി. കോണ്‍ഗ്രസിന്റെ ശൈലിയും ഗാന്ധി കുടുംബത്തിന്റെ നേതൃത്വവും പല നേതാക്കളും ചോദ്യം ചെയ്തു. എന്‍സിപി നേതാവ് ശരത് പവാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ശിവ സേനയുടെ സഞ്ജയ് റൗത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെരക് ഒബ്രിയന്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല എന്നീ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ക്കു പുറമെ മുന്‍ ബിജെപി സഖ്യകക്ഷിയായ അകാലി ദളില്‍ നിന്ന് നരേഷ് ഗുജ്‌റാള്‍, ബിജു ജനതാദളില്‍ നിന്ന് പിനാകി മിശ്ര എന്നിവരും ഈ വിരുന്നില്‍ പങ്കെടുത്തു. അകാലി ദള്‍ ആദ്യമായാണ് ഒരു പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മയില്‍ പങ്കെടുക്കുന്നത്. 

കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, ശശി തരൂര്‍, ആനന്ദ് ശര്‍മ എന്നിവര്‍ പങ്കെടുത്തപ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഉല്‍പ്പെട്ടില്ല. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നും പുതിയ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ് സിബലും ഈ നേതാക്കളും.

ബിജെപി സര്‍ക്കാരിന്റെ കാലത്ത് എല്ലാ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ് തുടങ്ങിയ സിബല്‍ തന്നെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു തുടങ്ങിയത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ഒരാവശ്യത്തിനായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് കരുത്തരായിരിക്കുമ്പോഴെല്ലാം പ്രതിപക്ഷ കരുത്ത് കാട്ടിയിട്ടുണ്ടെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തിട്ടുള്ളതെന്നും ഉമര്‍ അബ്ദുല്ല ചോദിച്ചു. അകാലി ദള്‍ നേതാവ് ഗുജ്‌റാള്‍ ഗാന്ധി കുടുംബത്തെയാണ് ആക്രമിച്ചത്. ഗാന്ധി കുടുംബത്തിന്റെ പിടിയില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്തു കൊണ്ടു വന്നില്ലെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക പ്രയാസമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ലാലു പ്രസാദ് ആവശ്യപ്പെട്ടു. ജയില്‍ മോചിതനായി ശേഷം ആദ്യമായാണ് ലാലു ഇത്തരമൊരു യോഗത്തില്‍ പങ്കെടുക്കുന്നത്. ബിജെപിക്കെതിരെ പൊരുതാന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി ധാരണയുണ്ടാക്കണമെന്ന് ചിദംബരം നിര്‍ദേശിച്ചു. ഈ ശ്രമം ഒരു തുടക്കമാണെന്നും എല്ലാ പാര്‍ട്ടികളും ബിജെപിയെ പരാജയപ്പെടുത്താന്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മിക്ക പ്രതിപക്ഷ നേതാക്കളും ചൂണ്ടിക്കാട്ടി.

Latest News