Sorry, you need to enable JavaScript to visit this website.

മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് ബിജെപി നേതാവുള്‍പ്പെടെ 5 പേരെ കസ്റ്റഡിയിലെടുത്തു

ന്യൂദല്‍ഹി- ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ തിങ്കളാഴ്ച സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സുപ്രീം കോടതി അഭിഭാഷകനും ദല്‍ഹിയിലെ ബിജെപി മുന്‍ വക്താവുമായ അശ്വനി ഉപാധ്യയ് ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച നടന്ന പരിപാടിക്കിടെ മുസ് ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോയില്‍ എല്ലാവരേയും വ്യക്തമായി കാണുന്നുണ്ടെങ്കിലും പോലീസ് ആരുടേയും പേരുള്‍പ്പെടുത്താതെയാണ് ആദ്യം കേസെടുത്തത്. പ്രതിഷേധം കനത്തതോടെ പോലീസ് അശ്വനി ഉപാധ്യയക്കും മറ്റു പ്രതികള്‍ക്കും നോട്ടീസ് നല്‍കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പോലീസിനു മുമ്പാകെ ഹാജരാകണമെന്നായിരുന്നു നോട്ടീസ്. ഇതിനകം ഗാസിയാബാദിലെത്തിയ അശ്വനി ഉപാധ്യയ ചൊവ്വാഴ്ച രാവിലെ ഹാജരാകാമെന്ന് മറുപടി നല്‍കുകയായിരുന്നു. 

കടുത്ത മുസ്‌ലിം വിരുദ്ധത മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന സംഘത്തിന്റെ വിഡിയോ വൈറലായെങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ പോലീസ് ആരേയും അറസ്റ്റ് ചെയ്തില്ല. ' ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കുക തന്നെ വേണം' എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് ഇവര്‍ മുഴക്കിയത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. 

വര്‍ഗീയ വിദ്വേഷ, മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനായ ഹിന്ദുത്വ പുരോഹിതന്‍ നര്‍സിങ്ങാനന്ദ് സരസ്വതിയും ബിജെപി നേതാവും ടിവി നടനുമായ ഗജേന്ദ്ര ചൗഹാനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊളോനിയല്‍ നിയമങ്ങള്‍ക്കെതിരെ എന്ന പേരിലാണ് അശ്വിനി ഉപാധ്യയ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം മുദ്രാവാക്യം വിളിച്ചത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News