15-ാം സഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ സ്പീക്കർ എം.ബി. രാജേഷ് മാസ്‌ക് വിഷയത്തിൽ തന്റെ കർശന നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രംഗിച്ചു നിൽക്കെ മുഖമറ നീങ്ങിയപ്പോൾ, കഴിഞ്ഞ ജൂൺ രണ്ടിന് സ്പീക്കർ നൽകിയ നിർദേശം സഭയുടെ നിയമമായെടുത്ത് അംഗങ്ങൾ ശീലിച്ചു വരികയായിരുന്നു.
അതിലിടക്കാണ് ഇന്നലെ മുഖമറയില്ലാതെ സഭയിലിരുന്ന സി.പി.എം അംഗം എ.എൻ. ഷംസീറിനെ സ്പീക്കർ ശ്രദ്ധിച്ചത്. അല്ലെങ്കിലും ഇപ്പോൾ ഷംസീർ ഇങ്ങിനെയാണ്. വെറുതെയെങ്കിലും സ്വന്തം കക്ഷിക്കാരുടെയും എതിർപ്പ് ക്ഷണിച്ചു വരുത്തുന്ന പല നടപടികളിലേക്കും ചെന്നു ചാടുന്നു. കഴിഞ്ഞ ദിവസം കെ.ബി. ഗണേഷ് കുമാറിന്റെ നിയമ സഭയിലെ കിഫ്ബി വിരുദ്ധ യുദ്ധത്തിലും ഷംസീറും ചെന്ന് ചേർന്നു കൊടുത്തിരുന്നു.
ഇന്നലെ ഷംസീറിനെ മാസ്‌കില്ലാതെ സഭയിൽ കണ്ട ഉടൻ വന്നു സ്പീക്കറുടെ കർശന നിലപാട്. 'ഷംസീർ സഭയ്ക്കകത്ത് മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു, മാസ്‌ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നെയില്ല.' എന്നായിരുന്നു സ്പീക്കറുടെ വാക്കുകൾ.
സഭക്ക് പുറത്തായിരുന്നുവെങ്കിൽ പെറ്റിയടിക്കാമായിരുന്ന കുറ്റം. ഇന്നലെ 14,015 പേർക്കെതിരെയാണ് മാസ്‌ക് ശരിയായി ധരിക്കാത്തതിന്റെ പേരിൽ കേസെയുത്തത്. അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി കെ. രാജൻ മറുപടി പറയുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിമർശനം. പലരും മാസ്‌ക് താടിയിലാണ് വയ്ക്കുന്നതെന്ന് രണ്ട് കൊല്ലത്തിലധികമായി നില നിൽക്കുന്ന പൊതു അവസ്ഥയും സ്പീക്കറിലൂടെ കേട്ടു. മാസ്‌ക് ശരിയായ രീതിയിൽ വെക്കാത്ത കുറുക്കോളി മൊയ്തീൻ അടക്കമുള്ള പ്രതിപക്ഷ എം.എൽ.എമാരുടെ ജാഗ്രതക്കുറവും സ്പീക്കർ ചൂണ്ടിക്കാണിച്ചു. സർവ സംവിധാനങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖമറ ബോധം ഇനിയും ഉയർന്നിട്ടില്ല. അതിലിടക്ക് ലോകം മുഴുവൻ കാണുന്ന നിയമസഭയിൽ അംഗങ്ങൾ മുഖമറയില്ലാതെയിരിക്കുന്നത് ശരിയല്ല എന്ന സ്പീക്കറുടെ നിലപാട് സഭയുടെ നിയമമായി മാറി മാതൃകയാകുമോ എന്ന് കണ്ടറിയണം. നിയമ സഭയിലേക്ക് മാസ്‌കിടാതെ സ്‌കൂട്ടറിന് പിന്നിലിരുന്ന് വന്ന എ.എൻ. ഷംസീറിനെ പുതിയ സഭാകാലത്ത് പാത്രക്കാർ പിടികൂടി വാർത്തയാക്കിയിരുന്നു. പുതിയ ആരോഗ്യമന്ത്രി വീണ ജോർജ് താടിയിൽ മാസ്‌ക് ധരിച്ച് പൊതു സ്ഥലത്ത് നടക്കുന്ന ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും, സമീപ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും മാസ്‌കിന്റെ കാര്യത്തിൽ ജാഗ്രതയുള്ളവരാണ്. വീടിനകത്ത് പോലും മാസ്‌കിടണം എന്ന് പത്രസമ്മേളനങ്ങളിൽ സ്ഥിരമായി പറയുന്നയാളാണ് മുഖ്യമന്ത്രി. മാസ്‌കിട്ട് സംസാരിക്കൂ എന്ന് നേതാക്കളോട് പറയാൻ സ്പീക്കറെ പോലെ അധികാരമുള്ള മറ്റൊരാളില്ല.
കാരണം നിയമസഭയുടെയും, നിയമസഭാ ഹാളിന്റെയുമെല്ലാം നിയമം സ്പീക്കറുടെ വാക്കുകളാണ്. മാസ്‌ക് ധരിക്കൂ എന്ന സ്പീക്കറുടെ അംഗങ്ങളോടുള്ള ആ വർത്തിച്ചുള്ള ആജ്ഞ കേരളീയ പൊതു സമൂഹത്തോടുമാണ്. ഒരു എം.എൽ.എ ഇപ്പോൾ കോവിഡ് ചികിത്സയിലുണ്ട്. എ.സിയായ നിയമസഭാ ഹാളിലെ കോവിഡ് വ്യാപന സാധ്യതയുമാകാം സ്പീക്കറെ കർശനക്കാരനാക്കിയത്.
കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന സർക്കാർ വാദത്തിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. റവന്യൂമന്ത്രി. ടി. സിദ്ദീഖും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെല്ലാം പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ തോൽവി എടുത്തു കാണിച്ചപ്പോൾ റവന്യൂ മന്ത്രി കെ. രാജൻ പ്രതിരോധിച്ചു. പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരല്ലെ എന്ന് രാജന്റെ ചോദ്യം. പൂത്തുമലയിൽ രണ്ടു വർഷമായിയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് അംഗം ടി. സിദ്ദിക്ക് തെളിവ് പറഞ്ഞു. പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. കവളപ്പാറയിലെ പുനരധിവാസത്തിന് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നില്ലെ -പ്രതിപക്ഷം ചോദിച്ചു.
ദുരന്തത്തിൽ ഇനിയും സഹായം കിട്ടാനുള്ളവർക്ക് ഉടൻ സഹായം നൽകുമെന്ന് മന്ത്രി കെ. രാജന്റെ ആശ്വാസ വാക്ക്. കവളപ്പാറയിൽ 58 പേരുടെ വീട് നിർമാണം നടന്നു വരുന്നു. പൂത്തുമലയിൽ 95 കുടുംബങ്ങളെ ആണ് മാറ്റിപ്പാർപ്പിക്കാൻ ഉദ്ദേശിച്ചത്. ഇവിടെ 38 വീടുകൾ ഈ മാസം പൂർത്തീകരിക്കും. പുത്തുമലയിൽ 18 വീടുകൾ നിർമിക്കാമെന്നേറ്റ സ്‌പോൺസർ പിൻമാറി. അതിനു പകരം പുതിയ പദ്ധതി തയാറാക്കുന്നു. എല്ലാവരുമായും സഹകരിച്ചു പുനരധിവാസം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രിയുടെ മറുപടിയിൽ നിന്ന് തന്നെ കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായി. റീബിൽഡ് കേരളയിൽ പ്രഖ്യാപിച്ച 7405 കോടിയിൽ 460 കോടിയുടെ പദ്ധതി മാത്രമാണ് മൂന്ന് വർഷത്തിൽ നടപ്പാക്കിയത്. രണ്ട് കൊല്ലമായിട്ടും രേഖകൾ ശരിയാക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് റവന്യൂ വകുപ്പെന്ന് സതീശന്റെ ചോദ്യം.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ കാത്തിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെയും വിധഗ്ധ സമിതിയുടെയും നിർദേശമനുസരിച്ചായിരിക്കും എല്ലാ കാര്യങ്ങളും. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് എസ്.സി.ഇ.ആർ.ടി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്‌നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമസഭാ കൈയ്യാങ്കളി കേസിൽപെട്ട മന്ത്രി ശിവൻ കുട്ടിക്കെതിരായ നിയമ സഭ പ്രതിഷേധമൊക്കെ പ്രതിപക്ഷം ഉപേക്ഷിച്ചെന്നു തോന്നുന്നു. ശാന്തമായാണ് അവർ ശിവൻ കുട്ടിയെ കേൾക്കുന്നത്. പ്രതിപക്ഷത്തിന്റെ മാറ്റത്തിനൊത്ത് ശിവൻ കുട്ടിയും മാറിയപോലെ. നല്ല അടക്കം. നല്ല ഒതുക്കം.