അടുത്തമാസം 27ന് കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്
ശ്രീറാമും വഫയും കോടതിയില്‍ ഹാജരായി
തിരുവനന്തപുരം- സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടു. അടുത്ത മാസം 27ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫയും ഇന്നലെ കോടതിയില്‍ ഹാജരായി. െ്രെകം സ്‌റ്റേജില്‍ തങ്ങള്‍ ജാമ്യം എടുത്തതായി കാണിച്ച് രണ്ടു പ്രതികളും മെമ്മോ ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി ഇരുവര്‍ക്കും മുന്‍ ജാമ്യ ബോണ്ടിന്‍മേല്‍ തുടരാനുള്ള ജാമ്യം അനുവദിച്ചു. അടുത്തമാസം 27 ന് രണ്ടു പ്രതികളും ഹാജരാകാനും സെഷന്‍സ് ജഡ്ജി മിനി എസ് ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. ബഷീര്‍ കൊല്ലപ്പെട്ട് ആഗസ്റ്റ് മൂന്നിന് രണ്ടു വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.
കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കമ്മിറ്റല്‍ കോടതിയായ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. സി ഡികള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയ ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുകയായിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നത്.
കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കമ്മിറ്റല്‍ കോടതിയായ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. സി ഡികള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയ ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുകയായിരുന്നു. 2020 ഫെബ്രുവരി മാസം മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍ , മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് , ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ശശ) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ശശ) നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനാല്‍ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്കയക്കുകയായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം വഫയുടെ വോക്‌സ് വാഗണ്‍ കാറില്‍ കവടിയാര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ കാറോടിച്ച് മ്യൂസിയം പബ്ലിക്ക് ഓഫീസ് മുന്‍വശം റോഡില്‍ വച്ച് ബഷീറിനെ ബൈക്കിന്റെ പുറകുവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും പോലീസ് കേസ് വഴിതിരിച്ചുവിടാന്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ പോലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയായിരുന്നു. മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.