Sorry, you need to enable JavaScript to visit this website.

പെഗസസ് നിര്‍മിച്ച ഇസ്രായില്‍ കമ്പനിയുമായി ഇടപാടില്ലെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂദല്‍ഹി- പെഗസസ് ചാരസോഫ്റ്റ് വെയര്‍ നിര്‍മിച്ച് വില്‍ക്കുന്ന ഇസ്രായിലി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ എന്‍എസ്ഒയുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ ഉന്നയിച്ച് ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആണ് ഇക്കാര്യം അറിയിച്ചത്. എന്‍എസ്ഒ ഗ്രൂപ്പുമായി എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ പ്രമുഖരടക്കമുള്ളവരെ രഹസ്യ നിരീക്ഷണം നടത്താനും ഫോണ്‍ ചോര്‍ത്താനും പെഗസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുവെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. ഈ ചാര സോഫ്റ്റ് വെയല്‍ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വില്‍ക്കുന്നതെന്ന് എന്‍എസ്ഒയും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കള്‍, ജഡ്ജിമാര്‍, കേന്ദ്ര മന്ത്രിമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ നിരവധി പേരുടെ ഫോണുകള്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി കണ്ടെത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി ലാബ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ലോകത്തൊട്ടാകെ 17 മാധ്യമങ്ങളിലൂടെയാണ് ഈ വിവരം പുറത്തു വന്നത്.
 

Latest News