തിരുവനന്തപുരം- ദീര്‍ഘകാലമായി ബ്രെയിന്‍ ട്യൂമറിനോട് പൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചലച്ചിത്ര- സീരിയല്‍ നടി ശരണ്യ (35) അന്തരിച്ചു. ഉച്ചക്ക് 12.30ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.
11 തവണ സര്‍ജറിക്ക് വിധേയയായ ശരണ്യ തുടര്‍ ചികിത്സക്ക് തയാറാകുന്നതിനിടയില്‍ കോവിഡ് ബാധിതയാകുകയായിരുന്നു. ശരണ്യയുടെ അമ്മക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ബാധയെതുടര്‍ന്ന് ആരോഗ്യനില വഷളായ ശരണ്യയെ വെന്റിലേറ്റര്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് നെഗറ്റീവായി മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും സ്ഥിതി വഷളായി. വീണ്ടും ഐ.സി.യുവില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയാണ് ശരണ്യ രോഗത്തോട് പടപൊരുതിയത്. നടി സീമ ജി.നായരാണ് ചികിത്സക്ക് പിന്തുണയുമായി നിന്നത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ സീരിയലില്‍ സജീവമായതോടെയാണ് തിരുവനന്തപുരത്ത് താമസമായത്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. അമ്മയും അനുജനും അനുജത്തിയുമടങ്ങുന്നതാണ് കുടുംബം.
ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അര്‍ബുദ രോഗബാധ്ക്ക് മുന്പില് ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകര്‍ന്നു. സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.