ന്യൂദല്‍ഹി- ഇന്ന് നടക്കാനിരിക്കുന്ന യുഎന്‍ രക്ഷാ സമിതിയുടെ ഓപണ്‍ ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനാകും. സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചാണ് ചര്‍ച്ച. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎന്‍ രക്ഷാ സമിതി ചര്‍ച്ചയില്‍ അധ്യക്ഷനാകുന്നത്. വിവിധ രാജ്യങ്ങള്‍ മാറിമാറി വഹിച്ചു വരുന്ന യുഎന്‍ രക്ഷാ സമിതിയിലെ അധ്യക്ഷ പദവി ഓഗസ്റ്റ് മാസം ഇന്ത്യയ്ക്കാണ്. ഈ കാലയളവില്‍ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി സുപ്രധാന യുഎന്‍ രക്ഷാ സമിതി യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിക്കും.
സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സഹകരണ എന്ന വിഷയത്തിലാണ് ഇന്ന് നടക്കുന്ന ചര്‍ച്ച. വൈകീട്ട് 5.30ന് വിഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് യോഗം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ അടക്കമുള്ള നിരവധി രാഷ്ട്രത്തലവന്‍മാര്‍ മോഡിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. യുഎന്‍ രക്ഷാസമിതി വെബ്‌സൈറ്റില്‍ ഈ യോഗം തത്സമയം കാണാം.