മലപ്പുറം- പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ വിവാദങ്ങളുമായി രംഗത്ത് വരുമെന്നും അവര്‍ തീര്‍ക്കുന്ന കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്നും സംഘടനാപരമായ അച്ചടക്കം പ്രധാനമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. പാര്‍ട്ടിയെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്റലക്ച്വല്‍ മീറ്റ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്റെ അവകാശങ്ങള്‍ക്കും അവശ വിഭാഗങ്ങളുടെ ഉയര്‍ച്ചക്കും വേണ്ടി ലീഗ് ഉറക്കെ സംസാരിച്ച് കൊണ്ടിരിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സിപിഎം സൃഷ്ടിച്ചതാണ്. സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെഉയര്‍ന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.