തിരുവനന്തപുരം- സമീപകാല റെക്കോർഡുകൾ ഭേദിച്ച് ഡീസൽ, പെട്രോൾ വില കുതിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പെട്രോളിന് ശരാശരി 15 പൈസയും ഡീസലിന് 20 പൈസ വീതവും കൂട്ടി. ഡീസൽ വില സർവകാല റെക്കോഡിലെത്തിയതോടെ അരി ഉൾപ്പടെയുള്ള അവശ്യസാധന വിലയും കുതിക്കുകയാണ്. ബുധനാഴ്ച 67.39 രൂപയായിരുന്ന ഡീസൽ വില വ്യാഴാഴ്ച 67.59 രൂപയായും വെള്ളിയാഴ്ച 67.79 രൂപയായും കൂട്ടി. ബുധനാഴ്ച 75.29 രൂപയായിരുന്ന പെട്രോൾ വില വ്യാഴാഴ്ച 75.42 രൂപയായും വെള്ളിയാഴ്ച 75.57 രൂപയായും വർധിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെ പെട്രോളിനും ഡീസലിനും 20 പൈസ വീതം വീണ്ടും കൂട്ടി. ജനുവരി ഒന്നിന് 64 രൂപയായിരുന്ന ഡീസൽ വില ഇപ്പോൾ 68 ലേക്ക് കുതിക്കുകയാണ്. പെട്രോൾ വിലയും റെക്കോഡിലേക്ക് കുതിക്കുകയാണ്. 77 രൂപയാണ് ഇതുവരെയുണ്ടായിരുന്ന പെട്രോളിന്റെ ഉയർന്ന വില (2013). ഇപ്പോൾ പെട്രോൾ വില 76ലേക്ക് കുതിച്ചു. ഡീസൽ വില അനിയന്ത്രിതമായി വർധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അനുവാദം നൽകുന്ന കേന്ദ്ര സർക്കാർ നടപടിക്കെടതിരെ 24ന് ട്രേഡ് യുണിയനുകൾ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബസ് നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് 30 മുതൽ അനശ്ചിതകാല സ്വകാര്യ ബസ് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ചരക്ക് കടത്ത് കൂലി കൂടിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയ്ക്ക് വില കൂടി. ഇപ്പോഴത്തെ നിലയിലുള്ള നിരക്ക് വർധന സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മോദി സർക്കാർ അധികാരത്തിലെ ത്തിയ 2014 മെയിൽ ക്രൂഡ് ഓയിലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നെങ്കിൽ ബാരലിന് 70 ഡോളർ മാത്രമുള്ള ഇപ്പോൾ വില 68 ലെത്തി.