Sorry, you need to enable JavaScript to visit this website.

യുനെസ്‌കോ ഹെരിറ്റേജ് കമ്മിറ്റിയില്‍ സൗദി അറേബ്യക്ക് ഉന്നത പദവി

ഹൈഫാ ബിന്‍ത് അബ്ദുല്‍ അസീസ് ആലുമുഖ്‌രിന്‍ രാജകുമാരി

റിയാദ് - യുനെസ്‌കോക്കു കീഴിലെ വേള്‍ഡ് ഹെരിറ്റേജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് സൗദി അറേബ്യയെ അംഗ രാജ്യങ്ങള്‍ തെരഞ്ഞെടുത്തു. വേള്‍ഡ് ഹെരിറ്റേജ് കമ്മിറ്റിയിലെ അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ചാണ് സൗദി അറേബ്യയെ വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് തെരഞ്ഞെടുത്തത്. ചൈനയിലെ ഫുസ്ഹുവില്‍ ചേര്‍ന്ന വേള്‍ഡ് ഹെരിറ്റേജ് കമ്മിറ്റി 44-ാമത് സെഷനിലാണ് 2021-2023 കാലത്തേക്ക് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് സൗദി അറേബ്യയെ തെരഞ്ഞെടുത്തത്.
പൈതൃകത്തെ പിന്തുണക്കുന്നതിലും പൊതുവായ മനുഷ്യ പൈതൃകം രേഖപ്പെടുത്താനും യുനെസ്‌കോ ലക്ഷ്യങ്ങളും വേള്‍ഡ് ഹെരിറ്റേജ് കമ്മിറ്റി ലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിക്കാനും നടത്തുന്ന ശ്രമങ്ങളില്‍ സൗദി അറേബ്യ വഹിക്കുന്ന പ്രധാന പങ്കിന്റെ ഫലമാണ് വേള്‍ഡ് ഹെരിറ്റേജ് കമ്മിറ്റിയിലെ പുതിയ പദവിയെന്ന് യുനെസ്‌കോയിലെ സൗദി സ്ഥിരം പ്രതിനിധി ഹൈഫാ ബിന്‍ത് അബ്ദുല്‍ അസീസ് ആലുമുഖ്‌രിന്‍ രാജകുമാരി പറഞ്ഞു. അടുത്ത പത്തു വര്‍ഷത്തേക്ക് പൈതൃക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സൗദി അറേബ്യ സമര്‍പ്പിച്ച കരട് പദ്ധതി വേള്‍ഡ് ഹെരിറ്റേജ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു.
വിദഗ്ധരുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം വര്‍ധിപ്പിക്കാനും പ്രാദേശിക ശേഷികള്‍ ശാക്തീകരിക്കാനും ഭീഷണി നേരിടുന്ന സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതികള്‍ തയാറാക്കാനും ഈ രംഗത്ത് യുവാക്കളുടെയും വിദഗ്ധരുടെയും സാങ്കേതികവും തൊഴില്‍പരവുമായ കഴിവുകള്‍ ഉയര്‍ത്താനും കരട് പദ്ധതി സഹായകമാകുമെന്നും ഹൈഫാ ബിന്‍ത് അബ്ദുല്‍ അസീസ് ആലുമുഖ്‌രിന്‍ രാജകുമാരി പറഞ്ഞു.
യുനെസ്‌കോ ജനറല്‍ അസംബ്ലി തെരഞ്ഞെടുക്കുന്ന 21 രാജ്യങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ വേള്‍ഡ് ഹെരിറ്റേജ് കമ്മിറ്റിയാണ് തങ്ങളുടെ പൈതൃക കേന്ദ്രങ്ങള്‍ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന രാജ്യങ്ങളുടെ അപേക്ഷകളും നിര്‍ദേശങ്ങളും പഠിക്കുന്നത്.

 

 

Latest News