മുംബൈ- ലോകത്ത് ഏറ്റവും കൂടുതല്‍ പാമ്പുകടിയേല്‍ക്കുന്നതും പാമ്പുവിഷമേറ്റ് മരിക്കുന്നതും ഇന്ത്യക്കാരെന്ന് പഠനം. 2000 മുതല്‍ 2019 വരെ ഇന്ത്യയില്‍ മാത്രം പാമ്പുകടിയേറ്റ് മരിച്ചത് 12 ലക്ഷത്തോളം പേരാണെന്ന് നാഷണനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച് ഇന്‍ റിപ്രൊഡക്ടീവ് ഹെല്‍ത്തും മഹാരാഷ്ട്ര ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു. പാമ്പുകളെ കുറിച്ചു പാമ്പു വിഷബാധയെപ്പറ്റിയും വേണ്ടത്ര അറിവും അവബോധവുമില്ലാത്തതാണ് ഈ മരണങ്ങള്‍ക്ക് പ്രധാന കാരണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, വേട്ടക്കാര്‍, ആട്ടിടയര്‍, പാമ്പു പിടിത്തക്കാര്‍, ഗോത്ര വിഭാഗക്കാര്‍, കുടിയേറ്റക്കാര്‍, വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ ലഭിക്കാത്തവര്‍ എന്നിവര്‍ക്കാണ് കൂടുതലായും പാമ്പുകടിയേല്‍ക്കുന്നത്.
ലോകത്തൊട്ടാകെ ഓരോ വര്‍ഷവും 54 ലക്ഷം പേര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരില്‍ 18 മുതല്‍ 27 ലക്ഷം പേര്‍ക്കും വിഷബാധയേല്‍ക്കുന്നു. 80,000 മുതല്‍ 1.4 ലക്ഷം വരെ പേര്‍ മരിക്കുകയും ചെയ്യുന്നു. മരിക്കുന്നവരേക്കാള്‍ കുടുതലും അവയവം മുറിച്ചു മാറ്റല്‍ അടക്കമുള്ള സ്ഥിര വൈകല്യങ്ങള്‍ക്കിടയാകുന്നവരാണ്. വികസ്വര രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൂടുതലായും പാമ്പുകടിയേല്‍ക്കുന്നത്.
ആഗോള തലത്തില്‍ തന്നെ പാമ്പുകടിയേറ്റു മരിക്കുന്നവരില്‍ പകുതിയോളം പേര്‍ ഇന്ത്യക്കാരാണ്. അവഗണിക്കപ്പെടുന്ന പ്രധാന മുന്‍ഗണനാ രോഗങ്ങളുടെ കൂട്ടത്തിലാണ് ലോകാരോഗ്യ സംഘടന പാമ്പു വിഷബാധയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2030ഓടെ പാമ്പുകടി മരണങ്ങളും രോഗങ്ങളും പകുതിയായി കുറച്ചു കൊണ്ടുവരാനാണ് ലോകാരോഗ്യ സംഘടനയുടെ പദ്ധതി. ലോകാരോഗ്യ സംഘടന ഈ പദ്ധതി ആരംഭിക്കുന്നത് ഏറെ മുമ്പ് തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും മഹാരാഷ്ട്ര പൊതുജനാരോഗ്യ വകുപ്പും പാമ്പു കടി തടയാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.