ടോക്കിയോ- ജപാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ കഴിഞ്ഞ ദിവസം മെട്രോ ട്രെയ്‌നില്‍ കത്തിക്കുത്ത് ആക്രമണം നടത്തി 10 പേരെ പരിക്കേല്‍പ്പിച്ച യുവാവ് ഉന്നമിട്ടത് സന്തുഷ്ടരായ സ്ത്രീകളെയാണെന്ന് റിപോര്‍ട്ട്. സന്തോഷവതികളായി സ്ത്രീകളെ കണ്ടാല്‍ തനിക്ക് കോപം വരുമെന്നും അവരെ കൊല്ലാന്‍ തോന്നുമെന്നും ആക്രമി പോലീസിന് മൊഴിനല്‍കിയതായി ജാപനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച രാത്രി 8.40നാണ് ട്രെയ്‌നിനുള്ളില്‍ 36കാരനായ പ്രതി കത്തിക്കുത്ത് ആക്രമണം നടത്തിയത്. ഒരു വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവരുടെ പരിക്ക് സാരമല്ല. സന്തുഷ്ടരായ സ്ത്രീകളെ കണ്ടാല്‍ കൊല്ലണമെന്ന് തോന്നല്‍ തുടങ്ങിയത് ആറു വര്‍ഷം മുമ്പാണെന്നും കുറെ പേരെ കൊല്ലണമെന്ന് ആഗ്രഹിച്ചുവെന്നും പ്രതി നല്‍കിയ മൊഴിയിലുള്ളതായി സന്‍കെയ് പത്രം റിപോര്‍ട്ട് ചെയ്തു. കേസിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും ഇപ്പോള്‍ നല്‍കാനില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.