ബ്രസീലിയ- രാജ്യത്തെ പരമോന്നത കോടതിയിലെ ഒരു ജഡ്ജിയെ വേശ്യയുടെ മകനെന്ന് അധിക്ഷേപിച്ച ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സൊനാരോ പുതിയ വിവാദത്തിന് തിരികൊളുത്തി. അടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ തെരഞ്ഞെടുപ്പു സംവിധാനം സംബന്ധിച്ച് പ്രസിഡന്റും സുപ്രീം കോടതിയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ബോല്‍സൊനാരോയുടെ ജഡ്ജിക്കെതിരെ അധിക്ഷേപം. രാജ്യത്തെ വോട്ടെടുപ്പ് സംവിധാനത്തില്‍ തട്ടിപ്പുകള്‍ അനായാസം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ബോല്‍സൊനാരോയുടെ വാദം. എന്നാല്‍ ഇത് തെളിയിക്കപ്പെട്ടിട്ടില്ല. തെക്കന്‍ ബ്രസീലില്‍ തന്റെ പാര്‍ട്ടി അണികളോട് സംസാരിക്കവെയാണ് സുപ്രീം കോടതി ജഡ്ജി ലൂയിസ് റോബര്‍ട്ടോ ബര്‍റോസോയെ പ്രസിഡന്റ് മോശമായി അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പു കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം ഇലക്ടോറല്‍ കോര്‍ട്ട് അധ്യക്ഷന്‍ കൂടിയാണ് ജസ്റ്റിസ് ബര്‍റോസോ.
ഈ തെറിവിളി ബോല്‍സൊനാരോയുടെ ഫെയ്‌സ്ബുക്ക് പേജിലും ലൈവായി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നീക്കം ചെയ്‌തെങ്കിലും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു. തന്റെ നടപടികള്‍ ഇത്തരത്തിലുള്ള അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം താന്‍ ശരിയായി ജോലി ചെയ്യുന്നു എന്നാണ് അത് തെളിയിക്കുന്നതെന്ന് ജസ്റ്റിസ് ബര്‍റോസോ പ്രതികരിച്ചു.
ബ്രസീലിലെ ഇലക്ട്രോണിക് വോട്ടിങ് രീതിക്കെതിരെയാണ് പ്രസിഡന്റ് ബോല്‍സൊനാരോയുടെ പടയൊരുക്കം. ഇതിനു പകരം പ്രിന്റ് ചെയ്ത പേപ്പര്‍ ഉപയോഗിക്കണമെന്നും തര്‍ക്കങ്ങളുണ്ടായാല്‍ വീണ്ടും എണ്ണാന്‍ ഇതാണ് സൗകര്യമെന്നുമാണ് ബോല്‍സൊനാരോയുടെ വാദം. വോട്ടിങ് രീതി മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ബോല്‍സൊനാരോ ഭീഷണി മുഴക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ബോല്‍സൊനാരോ മുന്‍ യുഎസ് പ്രസിഡന്റിനെ പോലെ ഫലം അംഗീകരിച്ചേക്കില്ലെന്നും രാഷ്ട്രീയ വിമര്‍ശകര്‍ കരുതുന്നു.