ന്യൂദല്‍ഹി- ഇസ്രായീല്‍ സന്ദര്‍ശനത്തിന് തെല്‍ അവീവില്‍ എത്തിയ ഇന്ത്യന്‍ വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദോരിയ ഇസ്രായീലി സേനയുടെ എഫ്-15 പോര്‍ വിമാനം പറത്തി. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് ഇസ്രായീലിന്റെ അമേരിക്കന്‍ നിര്‍മിത ഇരട്ട എഞ്ചിന്‍ പോര്‍ വിമാനത്തില്‍ വ്യോമ സേനാ മേധാവി ലഘു പറക്കല്‍ നടത്തിയത്. ഇസ്രായീല്‍ വ്യോമ സേനാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അമികം നോര്‍കിനുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും എയര്‍ ചീഫ് മാര്‍ഷല്‍ ഭദോരിയ കൂടിക്കാഴ്ച നടത്തി. ജൂത കൂട്ടക്കൊല സ്മാരകമായ യാദ് വഷിമിലും ഇസ്രായീല്‍ വ്യോമ സേനാ മേധാവിക്കൊപ്പം ഭദോരിയ സന്ദര്‍ശനം നടത്തി. ഇസ്രായീലുമായി പ്രതിരോധ സൈനിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തിയ ഇന്ത്യ വന്‍തോതില്‍ ഇസ്രായീലി സൈനികോപകരണങ്ങളും സാങ്കേതിക വിദ്യയും ആയുധങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്. ഈയിടെ വിവാദമായ പെഗസസ് ചാര സോഫ്റ്റ്‌വെയറും ഇസ്രായീലി സൈബര്‍ സുരക്ഷാ കമ്പനി എന്‍എസ്ഓ ഗ്രൂപ്പിന്റേതാണ്. ഇത് സര്‍ക്കാരുകള്‍ക്ക് മാത്രമെ വില്‍ക്കുന്നുള്ളൂ എന്നാണ് എന്‍എസ്ഒ വാദം.