കെ.കെ. ശൈലജ ടീച്ചർക്ക് പകരം വന്ന ആരോഗ്യ മന്ത്രി വീണ ജോർജിനെപോലെ വിഷയാവതരണ കഴിവ് സഭയിൽ മറ്റാർക്കും ഉണ്ടാകണമെന്നില്ല. കാരണം ഡോ.എം.കെ. മുനീർ തുടങ്ങിക്കൊടുത്ത ഇന്ത്യവിഷനിൽ നിന്നും അല്ലാതെയും കഴിവ് തെളിയിച്ച് ദൃശ്യ മാധ്യമരംഗത്ത് തിളങ്ങിയ ചരിത്രമാണവർക്ക്. നല്ല ശബ്ദം. തെളിഞ്ഞ ഭാഷ. ഇതൊന്നും പക്ഷെ കോവിഡ് നിയന്ത്രണ വിഷയത്തിലെ നടപടികളിലും നിലപാടുകളിലും പ്രകടമാകുന്നില്ല.
യുദ്ധ മുഖത്ത് പതറുന്നതാണോ എന്ന് മന്ത്രിയുടെ പാർട്ടിക്കാരും പിണറായി സർക്കാരിന്റെ പിന്തുണ പോരാളികളും നിയമ സഭക്ക് പുറത്ത് ചോദ്യം ചെയ്തു തുടങ്ങിയതിന്റെ പ്രതിഫലനമാണിപ്പോൾ എല്ലാദിവസവും നിയമസഭയിലും കേൾക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാതുറന്നാൽ സർക്കാരിനെതിരെ ഒന്നാന്തരം ചാട്ടവർ റെഡി. നിയമ സഭക്കകത്ത് പ്രതിപക്ഷ നേതാവും സംഘവും, പുറത്ത് സ്വന്തം പാർട്ടിക്കാരുൾപ്പെടെയുള്ള ജനങ്ങളും എന്നതാണിപ്പോൾ അവസ്ഥ. കോവിഡ് നിയന്ത്രണത്തിലെ ഇളവും തോൽവിയും തന്നെയായിരുന്നു ഇന്നലെയും സഭയിലെ മുഖ്യ വിഷയം. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ചായിരുന്നു ഇന്നലെയും പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. കോൺഗ്രസിലെ കെ. ബാബുവായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
അശാസ്ത്രീയ നിയന്ത്രണങ്ങൾ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുവെന്നും പോലീസ് പിഴ ഈടാക്കുന്നുവെന്നും പ്രതിപക്ഷത്തിന്റെ ആക്ഷേപം. പെറ്റി സർക്കാർ എന്ന് ഈ സർക്കാരിനെ ചരിത്രം വിലയിരുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉറപ്പുണ്ട്.
കടകളിലെത്തുന്നവർ രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കിൽ മൊബൈലിലോ കാണിക്കാം. കോവിഡ് വന്നുപോയവർ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നൽകണം എന്നിങ്ങനെയാണ് കടകളിൽ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങൾ. ഈ നിബന്ധനകൾ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ടെങ്കിലും സഭയിൽ ആരോഗ്യമന്ത്രി അക്കാര്യം പറഞ്ഞിരുന്നില്ല. വിഷയത്തിൽ വ്യക്തത വരുത്തണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോൾ തന്നെ, പല തവണ ലോക്ഡൗണുമായി ബന്ധപ്പെട്ട് സഭയിൽ ചർച്ച നടന്നെന്നും അടിയന്തരപ്രമേയ നോട്ടീസ് നൽകുകയുണ്ടായെന്നും ഇതൊരു കീഴ്വഴക്കമാക്കരുതെന്നും സ്പീക്കർ എം.ബി രാജേഷിന്റെ ഓർമ്മപ്പെടുത്തൽ. സഭയിൽ ഈ പ്രശ്നം ഉന്നയിക്കുമ്പോൾ ഇതുവരെ പറയാത്ത കാര്യങ്ങൾ പറയണമെന്ന് സ്പീക്കറുടെ നിബന്ധന. നിർദ്ദേശം പോലെ വി.ഡി.സതീശനിൽ നിന്ന് രണ്ട് പ്രയോഗങ്ങൾ പുതുതായുണ്ടായി. ഏറ്റവും പ്രധാനം പെറ്റി സർക്കാർ എന്നതാണ്. എത്ര കാലം കഴിഞ്ഞാലും മനുഷ്യരുടെ ഓർമ്മ വട്ടത്ത് നിന്ന് പോകാത്തൊരു പേര്. ആരുടെ പേരിൽ ഇനി പോലീസ് പെറ്റിയടിക്കുമ്പോഴും ആ പേര് തെളിഞ്ഞ് തെളിഞ്ഞ് വരും. ജനങ്ങളെ പേടിപ്പിക്കുന്ന കൊമ്പൻ മീശക്കാരനും ക്രൂരനുമായ കുട്ടൻ പിള്ള പോലീസിനെയും സതീശൻ പരിചയപ്പെടുത്തിയിട്ടുണ്ട്- പെറ്റിയും കുട്ടൻ പിള്ള പോലീസും, പകർച്ച വ്യാധി തടയൽ നിയമത്തിന്റെ കഠിന രൂപവും നിറയുന്ന ഓണക്കാലമാണ് വരാൻ പോകുന്നതെന്ന കൃത്യമായ മുന്നറിയിപ്പ്. വി.ഡി. സതീശന്റെ വാക്കുകൾ ഇങ്ങിനെ- 'സർക്കാർ പോലീസിനെക്കൊണ്ട് ജനങ്ങളെ കുത്തിപ്പിഴിഞ്ഞെടുക്കുകയാണ്. 50 കൊല്ലം മുമ്പുണ്ടായിരുന്ന കുട്ടൻപിള്ള പോലീസിനെ പോലെയാണ് സംസ്ഥാന പോലീസ് പെരുമാറുന്നത്. വഴിയിൽ നിൽക്കുന്നവന്റെ മെക്കിട്ട് കയറിയാണോ പോലീസ് ഡ്യൂട്ടി ചെയ്യേണ്ടത്. നിയന്ത്രണങ്ങളിൽ ഇളവ് നൽകും എന്ന് പ്രഖ്യാപിക്കുകയും നിലവിലുള്ളതിനെക്കാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക വഴി സർക്കാർ ജനങ്ങളെ കളിയാക്കുകയാണ്. കേരളത്തിൽ കേവലം 42.14 ശതമാനം പേർ മാത്രമാണ് ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്തത്. ബാക്കി 57.86 ശതമാനം പേർക്കും ഇപ്പോഴും ഒരു ഡോസ് പോലും വാക്‌സിൻ ലഭിച്ചിട്ടില്ല. മാത്രമല്ല അതിൽ തന്നെ 45 വയസിന് മുകളിലുള്ള ആളുകളാണ് വാക്‌സിനെടുത്തത്. ചുരുക്കത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർ കടയിൽ പോവുകയും അതിന് താഴെ പ്രായമുള്ളവർ വീട്ടിലിരിക്കുകയും ചെയ്യുന്ന വിചിത്രമായ സംഭവമാണ് ഈ ഉത്തരവിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇന്നലെയും 4 പേർ ആത്മഹത്യ ചെയ്തു. ഇതിനെല്ലാം ആര് സമാധാനം പറയും ...?''. കോവിഡ് സാഹചര്യം അതിതീവ്രമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് മറുപടിയായി ആവർത്തിച്ചു.
കേരളത്തിൽ ഡെൽറ്റ വൈറസിന്റെ വ്യാപനമാണ് ഇപ്പോഴുള്ളത്. കുറച്ചുദിവസങ്ങൾക്കുള്ളിൽ ഇത് ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാം. എല്ലാക്കാലവും കോവിഡിനെ ലോക്ഡൗണിലൂടെ നേരിടാൻ കഴിയില്ല. നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ഇടപെട്ടുവെന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ഇപ്പോൾ ഉയർന്നുവരുന്ന ആക്ഷേപത്തിന്റെ തരത്തിൽ വീഴ്ചകളുണ്ടായിട്ടില്ലെന്ന് മന്ത്രി വീണക്ക് ഉറപ്പ്- അപ്പോൾ പിന്തുണച്ചവർ പോലും പരിഹസിക്കുന്നതോ ?
കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിനെ കുറിച്ച് നിയമസഭയിൽ ഭരണപക്ഷ എം.എൽ.എമാരിൽനിന്ന് കടുത്ത വിമർശം ഉയർന്നത് അപ്രതീക്ഷിതമായിരുന്നു. കിഫ്ബി വഴി അനുവദിച്ച റോഡുകൾ ഉദ്യോഗസ്ഥരുടെ നിലപാടു കാരണം മുടങ്ങുന്നു എന്ന പരാതി ഉന്നയിച്ചത് പത്തനാപുരം അംഗം കെ.ബി. ഗണേഷ് കുമാർ. ശ്രദ്ധ ക്ഷണിക്കലിനെ എ.എൻ. ഷംസീറും ശക്തിയായി പിന്തുണച്ചു. സർവേയർമാരുടെ നിയമനത്തെ ചൊല്ലി റവന്യൂ-പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലുള്ള ഭിന്നതയും നിയമസഭയിൽ ഇന്നലെ പരസ്യമായി.
കിഫ്ബി പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു എന്നാണ് ശ്രദ്ധ ക്ഷണിക്കലിൽ ഗണേഷ് കുമാർ ചൂണ്ടിക്കാണിച്ചത്. 2018 മുതൽ പത്തനാപുരം മണ്ഡലത്തിലെ അടക്കം നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. വെഞ്ഞാറമ്മൂട് മേൽപ്പാലം ഇല്ലാത്തതിനാൽ തനിക്കുണ്ടായ ബുദ്ധിമുട്ടും അദ്ദേഹം വികാരഭരിതനായി പങ്കുവെച്ചു.
2018 ജനുവരി മൂന്നിന് രാവിലെ തനിക്ക് ഒരു ഫോൺ വന്നു, കൊട്ടാരക്കരയിൽനിന്ന്. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഗുരുതരാവസ്ഥയിൽ കൊട്ടാക്കരയിലെ ആശുപത്രിയിലാണ് ഉടൻ വരണമെന്നും സന്ദേശം. താൻ യാത്ര തിരിച്ച് വെഞ്ഞാറമ്മൂട് എത്തിയപ്പോൾ 20 മിനുട്ട് ഗതാഗതക്കുരുക്കിൽപ്പെട്ടു. താൻ കൊട്ടാരക്കരയിൽ എത്തിയപ്പോഴേക്കും അമ്മ മരിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞിരുന്നു. അമ്മയെ ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ല.
ഉദ്യോഗസ്ഥർ സൂപ്പർ എൻജിനീയർമാർ ചമയുന്നതിനാലാണ് ഇത്തരം പദ്ധതികൾ അട്ടിമറിക്കപ്പെടുന്നത് എന്ന ഗണേഷ് കുമാറിന്റെ വിമർശനത്തിന് പിന്തുണയുമായി എ.എൻ. ഷംസീർ രംഗത്തെത്തിയതാണ് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത്.
ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. സർവേയർമാരെ നിയമിക്കുന്നതിനുള്ള നടപടി മുന്നോട്ടു കൊണ്ടു പോവുകയാണെന്നും ശുപാർശ റവന്യൂ വകുപ്പിന് കൈമാറിയെന്നും റിയാസ്. സർവേയർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ശുപാർശ ലഭിച്ചിട്ടുണ്ട്. എന്നുവെച്ച് സ്വതന്ത്രമായ രീതിയിൽ ആർക്കും സർവേയർമാരെ നിയമിക്കാൻ സാധിക്കില്ലെന്നും നിലവിലുള്ള ചട്ടപ്രകാരമേ നിയമനം നടക്കൂവെന്നും റവന്യൂമന്ത്രി കെ. രാജൻ കടുത്ത നിലപാടെടുത്തതെന്താണെന്നും അറിയില്ല.
പൊതുമരാമത്ത് വകുപ്പിൽ മിടുക്കരായ എൻജിനീയർമാരും ഉദ്യോഗസ്ഥരും ഉണ്ടായിട്ടും എന്തുകൊണ്ടാണ് കൺസൾട്ടൻസി നൽകി ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഗണേഷ് കുമാറിന് അറിയണം. അത്ര വേഗത്തിൽ ഗണേഷ് കുമാറിന് ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല.