ടോക്കിയോ- ഒളിംപിക്‌സ് നടന്നു വരുന്ന ജപാന്‍ തലസ്ഥാന നഗരമായ ടോക്കിയോയില്‍ മെട്രോ ട്രെയ്‌നില്‍ യാത്രക്കാര്‍ക്കു നേരെ യുവാവിന്റെ കത്തിക്കുത്ത് ആക്രമണം. 10 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപോര്‍ട്ടുണ്ട്. സംഭവം നടന്നത് ഒളിംപിക്‌സ് വേദിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ പടിഞ്ഞാറന്‍ ടോക്കിയോയിലാണ്. ആക്രമണത്തെ തുടര്‍ന്ന് ട്രെയ്ന്‍ അടിയന്തിരമായി നിര്‍ത്തി. ട്രെയ്‌നില്‍ നിന്നും ഇറങ്ങിയോടിയ പ്രതി പിന്നീട് കീഴടങ്ങുകയും ചെയ്തു. തൊട്ടടുത്ത ഒരു സ്‌റ്റോറില്‍ കയറി താനാണ് ആക്രണം നടത്തിയതെന്ന് മാനേജരെ അറിയിക്കുകയായിരുന്നു പ്രതി. വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ട്രെയ്‌നില്‍ നിന്നും കുത്താനുപയോഗിച്ച കത്തിയും പ്രതിയുടേതെന്ന് സംശിക്കുന്ന മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പോലീസ് തയാറായില്ല. തോക്ക് ഉപയോഗിക്കാന്‍ കടുത്ത നിയന്ത്രണങ്ങളുള്ള ജപ്പാനില്‍ മറ്റു ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമസംഭവങ്ങളും വളരെ കുറവാണ്.