Sorry, you need to enable JavaScript to visit this website.

നിനക്ക് ഈ വീട്ടിലേക്ക് എപ്പോഴും കയറിവരാം, നീ എന്റെ ഈഡന്റെ മകനാണ്

കൊച്ചി- ചലച്ചിത്ര താരം മമ്മൂട്ടിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് ഹൈബി ഈഡൻ എം.പി. നിരവധി അവസരങ്ങളിൽ തന്നെ സഹായിച്ച കാര്യം ഹൈബി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 
ഹൈബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സഹോദരിയ്ക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ജോലി ലഭിച്ചു. ആദ്യ പോസ്റ്റിംഗ് ബാംഗ്ലൂരിൽ. നാട്ടിലേക്കൊരു സ്ഥലം മാറ്റം വേണം. പലവഴി നോക്കി നടന്നില്ല. അപ്പോഴാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ ആയ മമ്മുക്കയെ കുറിച്ചോർക്കുന്നത്. ഉടനെ സിനിമ നിർമ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് മമ്മുക്കയുടെ ഒരു അപ്പോയ്ന്റ്‌മെന്റ് തരപ്പെടുത്തി.അന്ന് എന്റെ കൂടപ്പിറപ്പായ കവസാക്കി ബൈക്കുമെടുത്ത് മമ്മുക്കയുടെ വീട്ടിലേക്ക് കുതിച്ചു. നല്ല മഴയായിരുന്നു. ഷർട്ടും മുണ്ടുമെല്ലാം നനഞ്ഞു കുതിർന്ന് മമ്മുക്കയുടെ വീടിന്റെ കാർപോർച്ചിൽ ശങ്കിച്ചു നിന്നു. ഈ കോലത്തിൽ കേറണോ?
തന്നെ കണ്ടയുടനെ മമ്മുക്ക വലിയ വാത്സല്യത്തോടെ വീട്ടിൽ കയറ്റിയിരുത്തി ഒരു ഗ്ലാസ് കട്ടൻ ചായ തന്നിട്ട് പറഞ്ഞു. 'നിനക്ക് ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ് '. എറണാകുളം ലോ കോളേജിലെ പഴയ സഹപാഠിയുടെ മകനെ അദ്ദേഹം സ്വീകരിച്ച രീതി ഏറെ കൗതുകകരമായിരുന്നു. അന്നേ വരെ മനസിൽ കണ്ടിരുന്ന കാർക്കശ്യക്കാരനായ മമ്മുട്ടി അലിഞ്ഞില്ലാതെ പോയി. അദ്ദേഹത്തെ അടുത്തറിഞ്ഞ എല്ലാവര്ക്കും ഇത് തന്നെയായിരിക്കും പറയാനുള്ളത്. ഉടൻ തന്നെ ഫോണെടുത്ത് സൗത്ത് ബാങ്കിൽ വിളിച്ചു കാര്യം പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു തീരുമാനമായില്ല. ഒരിക്കൽ കൂടി അദ്ദേഹത്തെ കണ്ടു. അടുത്ത തവണ അദ്ദേഹം ബാങ്ക് അധികൃതരോട് സംസാരിച്ചത് കൂടുതൽ കടുപ്പത്തിലായിരുന്നു. ഈ സ്ഥലം മാറ്റം ശരിയായില്ലെങ്കിൽ  ബാങ്കിന്റെ പരസ്യത്തിൽ താൻ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റം ശരിയായി. സഹോദരി നാട്ടിലെത്തി. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഇത്തരം കഥകൾ പറയാനുണ്ടാകും.
ദൽഹിയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിലാണ്, മലയാള സിനിമയ്ക്ക് മമ്മുക്കയെ ലഭിച്ചിട്ട് 50 വർഷം തികഞ്ഞു എന്നറിയുന്നത്. ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടി. ഒരു കലാകാരൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹം. 2013 ൽ സൗഖ്യം മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല.
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതു പ്രവർത്തന  മേഖലയിൽ  അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്. ഇനിയും ഇനിയും ഒരുപാട് വർഷങ്ങൾ നമ്മുടെ അഭിമാനമായി നിലകൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
 

Latest News