ന്യൂദല്‍ഹി- ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള നിയമയുദ്ധത്തില്‍ റിലയന്‍സിനു മീതെ അമേരിക്കന്‍ വ്യവസായ ഭീമന്‍ ആമസോണിന് വിജയം. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തികള്‍ വാങ്ങാനുള്ള നീക്കവുമായി റിലയന്‍സിനു മുന്നോട്ടു പോകാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് റീട്ടെയില്‍ ആസ്തികള്‍ വില്‍ക്കാനുള്ള 3.4 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ടതിനെതിരേ ജെഫ് ബെസോസിന്റെ ഉടസ്ഥതിയിലുള്ള ആമസോണ്‍ കഴിഞ്ഞ വര്‍ഷമാണു കോടതിയെ സമീപിച്ചത്.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ 2020 ഒക്ടോബറില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് റിലയന്‍സില്‍ ലയിക്കാനുള്ള കരാറുമായി മുന്നോട്ടു പോകുന്നതു തടഞ്ഞിരുന്നു. സിംഗപ്പൂര്‍ തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ ഈ തീരുമാനം നിലനില്‍ക്കുന്നതാണെന്നും നിര്‍ബന്ധമായി നടപ്പാക്കേണ്ടതാണെന്നുമാണ് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്. ജസ്റ്റീസുമാരായ ആര്‍.എഫ് നരിമാന്‍, ബി.ആര്‍ ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റേതാണ് വിധി. കേസില്‍ ജൂലൈ 29ന് വാദം കേട്ട കോടതി വിധി പറയുവാന്‍ മാറ്റി വായ്ക്കുകയായിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന് വേണ്ടി അഡ്വ. ഹരീഷ് സാല്‍വേയും ആമസോണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്‌മണ്യവുമാണ് ഹാജരായിരുന്നത്. കേസുമായി ബന്ധപ്പെട്ട വാദം കേട്ട മൂന്നംഗ സിംഗപ്പൂര്‍ ട്രൈബ്യൂണല്‍ ഇക്കാര്യത്തില്‍ ഇനിയും അന്തിമ വിധി പ്രസ്താവിച്ചിട്ടില്ല.