Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പോകാന്‍ മൂന്നാം ഡോസായി കോവിഷീല്‍ഡ് വേണം, പ്രവാസി ഹൈക്കോടതിയില്‍

കണ്ണൂര്‍- കോവിഡിനെതിരെ പ്രതിരോധ കുത്തിവെപ്പായി കൊവാക്‌സിന്‍ എടുത്ത കണ്ണൂര്‍ സ്വദേശിയായ പ്രവാസി കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസ് കൂടി എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി ഗിരികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യയില്‍നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിന് മാത്രമേ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുള്ളൂ. ഈ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം ഡോസായി കൊവീഷീല്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സൗദി അറേബ്യയില്‍ 24 വര്‍ഷമായി വെല്‍ഡിംഗ് ജോലി ചെയ്തുവരികയാണ്  ഗിരികുമാര്‍. കോവിഡ് രണ്ടാം തരംഗ സമയത്താണ് നാട്ടിലെത്തിയത്. രണ്ടുമാസം നാട്ടില്‍ കഴിഞ്ഞ് മടങ്ങിപ്പോകാനാണ് തീരുമാനിച്ചിരുന്നുവെങ്കിലും വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇവിടെ കുടുങ്ങിപ്പോയി. ഏപ്രിലില്‍ കൊവാക്‌സിന്റെ ഒന്നാം ഡോസെടുത്തു. മെയില്‍  രണ്ടാം ഡോസും. ജൂണില്‍ സൗദിയിലേക്ക് മടങ്ങാന്‍ തയാറെടുത്തപ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ കൊവാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര സാധ്യമാകില്ലെന്ന് മനസ്സിലായായത്. സൗദി അംഗീകരിച്ച കൊവീഷില്‍ഡ് മൂന്നാം ഡോസായി നല്‍കിയില്ലെങ്കില്‍ ജോലിപോകുമെന്ന് കാട്ടി ആരോഗ്യ വകുപ്പിന്റെ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും എല്ലാവരും കൈമലര്‍ത്തി.
കടം കയറി ജീവിതം വഴിമുട്ടിയപ്പോഴാണ് ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗിരികുമാറിനെപോലെ നൂറുകണക്കിന് പേരാണ് കൊവാക്‌സിന്‍ എടുത്തതിന്റെ പേരില്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. തിങ്കളാഴ്ച ഈ വിഷയത്തില്‍ ഹൈക്കോടതി തീരുമാനം എടുക്കും.

 

 

Latest News