മിയാമി- കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിമാന സര്‍വീസ് നടക്കുന്നതിനിടെ മദ്യപിച്ച് വിമാനത്തിനുള്ളില്‍ ബഹളമുണ്ടാക്കുകയും ജീവനക്കാരെ കയറിപ്പിടിക്കുകയും ചെയ്ത യാത്രക്കാരനെ സീറ്റില്‍ കെട്ടിയിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം അധികൃതര്‍ ആരംഭിച്ചു.
കഴിഞ്ഞയാഴ്ച ഫിലാഡല്‍ഫിയയില്‍ നിന്ന് മിയാമിയിലേക്ക് പറന്ന ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒഹായോയിലെ നോര്‍വാക്ക് സ്വദേശിയായ മാക്‌സ്വെല്‍ ബെറി (22) എന്ന യുവാവാണ് മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസുമാരെ കയറി പിടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത്. തടയാന്‍ ശ്രമിച്ച മറ്റ് ജീവനക്കാരനെ യുവാവ് മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ മിയാമി ഡേഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. ജൂലൈ 31നാണ് സംഭവം്.
മദ്യലഹരിയിലായിരുന്ന യുവാവ് വീണ്ടും മദ്യം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. രണ്ട് തവണ മദ്യം നല്‍കിയെങ്കിലും മൂന്നാമതും മദ്യം വേണമെന്ന് മാക്‌സ്വെല്‍ ബെറി അറിയിച്ചു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയും മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് വ്യക്തമായതോടെ മദ്യം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചു. ഇതോടെയാണ് വിമാനത്തില്‍ തര്‍ക്കം ആരംഭിച്ചത്. മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ബെറിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. യുവാവിനെതിരായ പരാതി പോലീസ് സ്ഥിരീകരിച്ചു. യുവാവിനെ ശാന്തമാക്കാന്‍ ശ്രമം നടത്തുന്നതിനിടെ മാക്‌സ്വെല്‍ ബെറി എയര്‍ ഹോസ്റ്റസുമാരെ ആക്രമിക്കുകയായിരുന്നു. ഇവരോട് മോശം ഭാഷയില്‍ സംസാരിച്ച യുവാവ് രണ്ട് എയര്‍ ഹോസ്റ്റസുമാരുടെ മാറിടത്തില്‍ സ്പര്‍ശിച്ചു. ഇത് തടയാന്‍ എത്തിയ മറ്റൊരു ക്യാബിന്‍ ക്രൂ അംഗത്തിന്റെ മുഖത്ത് ഇടിച്ചു. യുവാവിന്റെ ആക്രമണത്തില്‍ മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായതോടെ യുവാവിനെ സീറ്റില്‍ ബലമായി പിടിച്ചിരുത്തുകയും സീറ്റില്‍ കെട്ടിയിട്ടു. ജീവനക്കാര്‍ പൈലറ്റിനെ വിവരമറിയിച്ചതോടെ പൈലറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും തുടര്‍ന്ന് മിയാമി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിമാനത്താവളത്തില്‍ വെച്ച് തന്നെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിമാനത്തിലുണ്ടായ സംഭവങ്ങള്‍ സ്ഥിരീകരിച്ച് ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പ്രസ്താവന പുറത്തിറക്കി. 'ജൂലൈ 31നാണ് വിമാനത്തില്‍ യുവാവിന്റെ മോശം പെരുമാറ്റം ഉണ്ടായത്. സംഭവത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരോടും ജീവനക്കാരോടും ഖേദം അറിയിക്കുന്നു. അന്ന് വിമാനത്തില്‍ ജോലിയില്‍ ഉണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ അന്വേഷണം പൂര്‍ത്തിയാകും വരെ ശമ്പളത്തോടുകൂടിയ അവധിയിലാണ്. ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും' - കമ്പനി വ്യക്തമാക്കി. പോലീസ് നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന നിലപാടിലാണ് ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്. അതേസമയം, യുവാവിന്റെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വിമാനത്തില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ 3,715 പരാതികളാണ് ലഭിച്ചത്. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച കേസുകളാണ് കൂടുതല്‍. ആഴ്ചയില്‍ നൂറിലധികം പരാതികള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച അസോസിയേഷന്‍ ഓഫ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സ് - സിഡബ്ല്യുഎ നടത്തിയ ഒരു സര്‍വേയില്‍ 84 ശതമാനം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഈ വര്‍ഷം യാത്രക്കാരുടെ മോശം പെരുമാറ്റത്തിന് ഇരയായി. 17 ശതമാനം പേര്‍ക്ക് ശാരീരികമായി ആക്രമണം നേരിടേണ്ടതായി വരുകയും ചെയ്തു.