ന്യൂദല്‍ഹി- മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കേസ് കേള്‍ക്കുന്നതില്‍നിന്ന് സുപ്രീം കോടതിയിലെ മൂന്നാമത്തെ ജഡ്ജിയും പിന്മാറി. മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫാണ് കേസ് പരിഗണിക്കുന്നതില്‍നിന്ന് ഒടുവില്‍ പിന്മാറിയത്. ഇന്ന് കേസ് കേട്ടയുടന്‍ താന്‍ ഈ കേസ് കേള്‍ക്കുന്നില്ലെന്നും ഉചിതമായ മറ്റൊരു ബെഞ്ച് കേള്‍ക്കുമെന്നും കുര്യന്‍ ജോസഫ് അറിയിക്കുകയായിരുന്നു.
കേസ് ഇനി മറ്റൊരു ബെഞ്ചിലേക്ക് മാറ്റേണ്ടി വരും. കായല്‍ കൈയേറ്റ കേസിലെ ഹൈക്കോടതി വിധിയും കലക്ടറുടെ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടയും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതിയുടെ പരാമാര്‍ശത്തെ തുടര്‍ന്നാണ് തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. കേസ് ആദ്യം പരിഗണിച്ചത് ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാള്‍, അഭയ് മനോഹര്‍ സ്രോപ എന്നിവരുടെ ബെഞ്ചാണ്. എന്നാല്‍, സാപ്രേയുടെ മുന്നില്‍ ഹാജരാവാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകനായ വിവേക് തന്‍ഖ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് ചീഫ് ജെസ്റ്റിസിന്റെ ബെഞ്ചിന് വിടുകയായിരുന്നു.
ഡിസംബര്‍ 15ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും ഇതിലുണ്ടായിരുന്ന ജസ്റ്റിസ് ഖന്‍വില്‍കര്‍ കേസില്‍ നിന്ന് പിന്‍വാങ്ങി. തുടര്‍ന്ന് കേസ് വീണ്ടും സാപ്രേയുടെ ബെഞ്ചില്‍ എത്തുകയായിരുന്നു. ഇതിനു ശേഷം ആര്‍.കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവര്‍ കേസ് പരിഗണിക്കവേ കേസ് കേള്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് സാപ്രേ പിന്‍മാറുകയായിരുന്നു. ഇതിനു പിന്നാലെയാമഅ തോമസ് ചാണ്ടി കേസ് ജസ്റ്റിസ് കുര്യന്‍ ജോസഫ്, അമിതാഭ് റോയി എന്നിവരുടെ ബെഞ്ചില്‍ എത്തിയത്. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നാല് ജസ്റ്റിസുമാരില്‍ ഒരാളാണ് കുര്യന്‍ ജോസഫ്.