Sorry, you need to enable JavaScript to visit this website.

ആകാശത്തുവെച്ചൊരു വിവാഹം; വിശ്വസിക്കാനാവാതെ ദമ്പതികള്‍

സാന്റിയാഗോ- ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആകാശത്ത് ഒരു വിവാഹം നടത്തി.
36000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനത്തില്‍ വെച്ച്  കാര്‍ലസ് കുഫാഡിയുടെയും പോളാ പോഡെസ്റ്റിന്റെയും വിവാഹമാണ് പോപ്പ് നടത്തിക്കൊടുത്തത്.
ലാറ്റിനമേരിക്കന്‍ വിമാനക്കമ്പനിയായ ലറ്റാം എര്‍ലൈനിലെ ജീവനക്കാരാണ് ദമ്പതികള്‍. 2010 ല്‍ ഇരുവരുടേയും വിവാഹം നടന്നിരുന്നുവെങ്കിലും ഇരുവര്‍ക്കും കത്തോലിക്കാ വിശ്വാസമനുസരിച്ച് വിവാഹം നടത്താന്‍ സാധിച്ചിരുന്നില്ല. വിവാഹം നടത്താനായി നിശ്ചയിച്ചിരുന്ന ദേവാലയം ഭൂകമ്പത്തില്‍ തകര്‍ന്നുപോയതായരുന്നു കാരണം.
ഇവര്‍ ജോലി ചെയ്ത വിമാനത്തിലെ യാത്രക്കാരനായി ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയതോടെയാണ് വിശ്വസിക്കാനാവാത്ത  രീതിയില്‍ വിവാഹം നടന്നത്.
ചിലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍പാപ്പ. അദ്ദേഹത്തോടൊപ്പം ഒരുമിച്ചുള്ള ചിത്രം എടുക്കാനാണ് കാര്‍ലസും പോളയും സമീപിച്ചത്. ഇരുവരും ദമ്പതികളാണെന്ന് മനസിലാക്കിയ മാര്‍പാപ്പ വിവാഹിതരാണോയെന്ന് ആരാഞ്ഞു. അപ്പോഴാണ് തങ്ങള്‍ക്ക് ഒരു പുരോഹിതന്റെ മുന്നില്‍ മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ സാധിക്കാതെ പോയ സാഹചര്യം വിശദീകരിച്ചത്.
ഇതോടെ വേണമെങ്കില്‍ വിവാഹം താന്‍  നടത്തിത്തരാമെന്ന് മാര്‍പാപ്പ പറയുകയായിരുന്നു. പോളയ്ക്കും കാര്‍ലസിനും കേട്ടത് വിശ്വസിക്കാനായില്ല. തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരെ സാക്ഷിയാക്കി ആകാശത്തുവെച്ച് മാര്‍പാപ്പ വിവാഹം നടത്തിക്കൊടുത്തു. മാര്‍പാപ്പയുടെ കൂടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ലാറ്റന്‍ വിമാനക്കമ്പനിയിലെ രണ്ടുപേര്‍ വിവാഹ പത്രത്തില്‍ സാക്ഷികളായി ഒപ്പിട്ടു. പിന്നാലെ ഫ്രാന്‍സിസ് എന്ന ലളിതമായ ഒപ്പ് നല്‍കി വിവാഹം നടന്നതായി മാര്‍പാപ്പ ഓദ്യോഗികമായി സാക്ഷ്യപ്പെടുത്തി.
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍നിന്ന് മറ്റൊരു നഗരമായ ഇക്വിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു മാര്‍പാപ്പ.
 

Latest News