ദോഹ- കമ്യൂണിസ്റ്റ് സർക്കാറുകൾ വഞ്ചനയുടെ പുതിയ വകഭേദങ്ങളാണ് സമുദായത്തിന് സമ്മാനിക്കുന്നതെന്ന് ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ലാ പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. ഭാഷ സമര രക്തസാക്ഷികളുടെ ഓർമകളെ യോഗം അനുസ്മരിച്ചു.
കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കാലങ്ങളായി നടത്തുന്ന വഞ്ചനകളെ തിരിച്ചറിയാൻ സമൂഹത്തിന് കഴിയണമെന്നും പുതിയ കാലത്തും കഴിഞ്ഞകാല വഞ്ചനയുടെ തുടർച്ചകളാണ് സംഭവിക്കുന്നത്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഉൾപ്പടെയുള്ള വഞ്ചനകളെ തിരിച്ചറിയാനും സമൂഹം ഒറ്റക്കെട്ടായി സ്വത്വ ബോധമുള്ള രാഷ്ട്രീയ പ്രബുദ്ധത കാണിക്കാനും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി സഹപ്രവർത്തകന് നിർമിച്ചു നൽകുന്ന സ്‌നേഹ വീട് അടുത്ത മാർച്ച് 10 മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തിൽ പണി പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സ്‌നേഹ വീട് പദ്ധതിയിലേക്ക് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ മൂന്ന് ലക്ഷം രൂപയിലേക്കുള്ള ആദ്യ ഗഡു സഹായം പ്രസിഡന്റ് സമീർ മുഹമ്മദ് ജില്ലാ നേതാക്കൾക്ക് കൈമാറി ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു. പദ്ധതി നടത്തിപ്പിന് സംസ്ഥാന ജില്ലാ നേതാക്കളും മണ്ഡലം പ്രതിനിധികളുമടങ്ങിയ നിർമാണ കമ്മിറ്റിക്ക് രൂപം നൽകി. വി.ടി.എം. സാദിഖ്, പി.പി. ജാഫർ സാദിഖ്, പി.എ. നാസർ, എം. മൊയ്തീൻ കുട്ടി, സിറാജുൽ മുനീർ ടി, അബ്ദുൽ കരീം വി.പി, ജലീൽ വളരാനി, സൈനുൽ ആബിദ് ആലത്തൂർ എന്നിവർ സംസാരിച്ചു.