ന്യൂദൽഹി- കോൺഗ്രസുമായി സഖ്യം രൂപീകരിക്കുന്നതിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ രംഗത്തെത്തി. ഇക്കാര്യം അറിയിച്ച് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് കത്തു നൽകി. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ തുടങ്ങിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ കത്ത് ചർച്ച ചെയ്യും. പ്രായോഗിക രാഷ്ട്രീയ സമീപനങ്ങൾ പാർട്ടി സ്വീകരിക്കണമെന്നും ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് അവരെ തോൽപ്പിക്കാനായി കോൺഗ്രസ് സഹകരണം ആവശ്യമാണെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. ഇതിനെ പിന്തുണച്ചാണ് വി.എസ് രംഗത്തെത്തിയത്.