തിരുവനന്തപുരം- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് നൽകിയ നോട്ടീസ് ഇ.ഡി പിൻവലിക്കണമെന്നും നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണമെന്നും മുൻ മന്ത്രി ഡോ. കെ.ടി ജലീൽ. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിലെ യഥാർത്ഥ പ്രതി പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ ആരോപിച്ചു. ഹൈദരലി തങ്ങളെയും പാണക്കാട് കുടുംബത്തെയും ചതിയിൽ പെടുത്താൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. തങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിയതിന് കുഞ്ഞാലിക്കുട്ടി സമൂഹത്തോട് മാപ്പു പറയണമെന്നും ജലീൽ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയാണ് ലീഗിന്റെ ഫണ്ട് റൈസർ. അദ്ദേഹത്തിനാണ് ഇ.ഡി നോട്ടീസ് അയച്ചത്. ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടർ എന്ന സ്ഥാനം ആലങ്കാരികമാണ്. കുഞ്ഞാലിക്കുട്ടിയാണ് എല്ലാം ചെയ്തതെന്നും ജലീൽ ആരോപിച്ചു.ഇപ്പോഴത്തെ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും എല്ലാം കുഞ്ഞാലിക്കുട്ടി ചെയ്തതാണെന്നും ജലീൽ ആവർത്തിച്ചു.