മുംബൈ- ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് വിമാനക്കമ്പനികള്‍ തുടങ്ങി. ഒറ്റദിവസം കൊണ്ട് ഇരട്ടിയിലേറെ തുകയാണ് ടിക്കറ്റിനത്തില്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്നലെ രാവിലെ 750 ദിര്‍ഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് വൈകുന്നേരത്തോടെ 2000 ദിര്‍ഹമായി (40,000 രൂപ) ഉയര്‍ന്നു.
ഓഗസ്റ്റ് ഏഴ് മുതലാണ് പല വിമാനക്കമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എന്നാല്‍, ടിക്കറ്റുകളില്‍ പലതിനും അപ്രൂവല്‍ ലഭിച്ചിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നാട്ടില്പെട്ടുകിടക്കുന്നവര് എത്ര തുക നല്‍കിയും യാത്ര ചെയ്യാന്‍ തയാറാകുന്ന സാഹചര്യം മുതലെടുത്താണ് എയര്‍ലൈനുകള്‍ നിരക്ക് കുത്തനെ കൂട്ടിയത്. ലക്ഷക്കണക്കിനാളുകളാണ് വരാനുള്ളത്. ഖത്തര്‍, അര്‍മീനിയ, ഉസ്ബകിസ്ഥന് വഴി ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ് പലരും വരുന്നത്.
ഇന്ന് മുതല്‍ ഇന്ത്യക്കാരായ താമസ വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യു.എ.ഇയില്‍ നിന്ന് വാക്സിനെടുത്ത താമസ വിസക്കാര്‍ക്കാണ് മടങ്ങാന്‍ അനുമതി. പുതിയ ഇളവുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് യു.എ.ഇ എമിഗ്രേഷന്‍ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.
യു.എ.ഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച താമസ വിസക്കാര്‍ക്ക് മാത്രമാണ് മടങ്ങാന്‍ അനുമതി. സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതിയില്ല. താമസവിസയുടെ കാലാവധി തീര്‍ന്നവരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുബായ് വിസക്കാര്‍ ജി.ഡി.ആര്.എഫ്.എയുടെയും അബൂദാബി ഉള്‍പ്പെടെ മറ്റു വിസക്കാര്‍ ഐ.സി.എയുടെ അനുമതിയുമാണ് തേടേണ്ടത്.
അധികൃതരുടെ അനുമതിക്കായി അപേക്ഷിച്ചവരില്‍ ഭൂരിപക്ഷവും ഓഗസ്റ്റ് ഏഴ് ശനിയാഴ്ച മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയാണുള്ളത്. അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് നാല് മണിക്കൂറിനുള്ളില്‍ എടുത്ത റാപിഡ് പി.സി.ആര് പരിശോധന ഫലം എന്നിവ കൂടെ കരുതണം.