ന്യൂദല്‍ഹി- 2024 മേയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പായി 2023 ഡിസംബറില്‍ തന്നെ അയോധ്യയില്‍ പണി പുരോഗമിക്കുന്ന രാമ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് റിപോര്‍ട്ട്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്താണ് ക്ഷേത്ര നിര്‍മാണം നടക്കുന്നത്. ഇത് പതിറ്റാണ്ടുകളായി ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം 2023 ഡിസംബറില്‍ പണി പൂര്‍ത്തിയാകും. ഇതിനു ശേഷം ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്‍കുമെന്ന് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍ പറയുന്നു. തകൃതിയായി നടന്നു വരുന്ന ക്ഷേത്ര സമുച്ചയം നിര്‍മാണം 2025ല്‍ പൂര്‍ത്തിയാകും. 2023 ഡിസംബറില്‍ തന്നെ വിശ്വാസികള്‍ക്ക് ദര്‍ശനം ആരംഭിക്കാനാകുമെന്ന് ഒരു ട്രസ്റ്റ് ഭാരവാഹി പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ട്രസ്റ്റ് യോഗം അയോധ്യയില്‍ ചേര്‍ന്നത്. ഈ യോഗത്തിലാണ് 2023 ഡിസംബര്‍ എന്ന സമയ പരിധി നിശ്ചയിച്ചതെന്നും റിപോര്‍ട്ടുണ്ട്.
ക്ഷേത്ര നിര്‍മാണം 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് തീര്‍ക്കണമെന്നാണ് വിശ്വ ഹിന്ദു പരിഷത്തും ബിജെപിയും ആഗ്രഹിക്കുന്നതെന്നും ട്രസ്റ്റ് വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാമക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രം തുറക്കുമെന്നാണ് പുതിയ റിപോര്‍ട്ടുകളോട് ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചത്. രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നിറവേറ്റിയതായി ബിജെപി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്തിയുമായ അമിത് ഷാ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മിര്‍സാപൂരിലെ ഒരു യോഗത്തില്‍ പ്രസംഗിച്ചിരുന്നു.