മുംബൈ- ഇന്‍സ്റ്റഗ്രാമിലൂടെ സുഹൃത്തായ 'ബ്രിട്ടീഷുകാരന്‍' തനിക്കായി അയച്ച വിലയേറിയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ 4.29 ലക്ഷം രൂപ നല്‍കിയ മുംബൈ സ്വദേശിയായ 34കാരി വീണത് സൈബര്‍ തട്ടിപ്പുകാരന്റെ വലയില്‍. ലണ്ടനില്‍ നിന്നുള്ള ആള്‍ എന്ന് പരിചയപ്പെടുത്തി വന്ന ഒരു ഫോളോ റിക്വസ്റ്റിലൂടെയാണ് ഈ തട്ടിപ്പുകാരനും യുവതിയും ഇന്‍സ്റ്റയില്‍ സുഹൃത്തുക്കളായത്. ഇയാള്‍ക്ക് യുവതി ഫോണ്‍ നമ്പര്‍ കൈമാറുകയും പരസ്പരം ചാറ്റിങ് ചെയ്യാറുമുണ്ടായിരുന്നു. ഇതിനിടെ ജൂലൈ 27നാണ് താന്‍ വിലയേറിയ സമ്മാനങ്ങള്‍ കാര്‍ഗോ വഴി അയച്ചിട്ടുണ്ട് എന്ന കാര്യം യുവതിയോട് പറഞ്ഞത്. സമ്മാന പാഴ്‌സലിന്റെ ചിത്രങ്ങളും കാര്‍ഗോയുടെ സഞ്ചാരം ട്രാക്ക് ചെയ്യാന്‍ ഒരു ലിങ്കും തട്ടിപ്പുകാരന്‍ നല്‍കിയതോടെ യുവതി പൂര്‍ണമായും വിശ്വസിച്ചു.
സമ്മാനത്തിനായി കാത്തിരുന്ന യുവതിക്ക് ജൂലൈ 29ന് കസ്റ്റംസ് ഓഫീസില്‍ നിന്നാണ് എന്നു പറഞ്ഞ് ഒരാളുടെ വിളി വന്നു. ഇവിടെ എത്തിയ സമ്മാന പാഴ്‌സലില്‍ ധാരാളം പണം ഉണ്ടെന്നും ഇത് സ്വീകരിക്കണമെങ്കില്‍ പണം അടച്ച് ആന്റി മണി ലോണ്ട്രിങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ നിര്‍ദേശം പ്രകാരം 4.29 ലക്ഷം രൂപ യുവതി അടക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന പേരില്‍ ഒരു സ്ത്രീയുടെ കോളും വന്നു. സമ്മാന പാഴ്‌സലിന് നികുതി ഇനത്തില്‍ 5.69 ലക്ഷം രൂപ അടക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പണം നല്‍കില്ലെന്ന് പറഞ്ഞ യുവതി ഈ സ്ത്രീയുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടതോടെ ഫോണ്‍ കട്ട് ചെയ്തു. അപ്പോഴാണ് താന്‍ വലിയ തട്ടിപ്പിന് ഇരയായ കാര്യം യുവതിക്ക് ബോധ്യപ്പെട്ടത്. യുവതി നല്‍കിയ പരാതിയില്‍ അന്ദേരി പോലീസ് അന്വേഷം നടത്തിവരികയാണ്. ഒരു രാജ്യാന്തര ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന സൈബര്‍ തട്ടിപ്പു വീരനാണ് ഈ കെണിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു.