Sorry, you need to enable JavaScript to visit this website.

വയോധികരായ സ്വദേശികൾ നിതാഖാത്  പദ്ധതിയിൽ ഉൾപ്പെടില്ലെന്ന് മന്ത്രാലയം

റിയാദ് - വയോധികരായ സ്വദേശികളെ ജോലിക്ക് നിയോഗിച്ചാൽ നിതാഖാത്ത് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ പ്രായം 18 ൽ കുറവാകാനും 60 ൽ കവിയാനും പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 60 ൽ കൂടുതൽ പ്രായമുള്ള സൗദി ജീവനക്കാരനെ നിതാഖാത്തിൽ ഉൾപ്പെടുത്തി കണക്കാക്കുമോയെന്ന ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി ജീവനക്കാരന്റെ വിവരങ്ങൾ ചേർത്ത ശേഷം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസി (ഗോസി) ൽ ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ വാരാന്ത്യം വരെ കാത്തിരിക്കണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
നിതാഖാത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നതിനുള്ള സ്വദേശി ജീവനക്കാരുടെ മിനിമം വേതനം 3,000 റിയാലിൽനിന്ന് 4,000 റിയാലായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്തിടെ ഉയർത്തിയിട്ടുണ്ട്. നിതാഖാത്തിൽ സൗദിവൽക്കരണ അനുപാതം കണക്കാക്കുന്നതിന് പൂർണ തൊഴിലാളിയെന്നോണം പരിഗണിക്കാൻ സ്വദേശി ജീവനക്കാരന്റെ വേതനം 4,000 റിയാലിൽ കുറവാകാൻ പാടില്ലെന്നാണ് വ്യവസ്ഥ. 
3,000 റിയാൽ പ്രതിമാസ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരനെ നിതാഖാത്തിൽ അര സൗദി ജീവനക്കാരനു തുല്യമായാണ് കണക്കാക്കുക. 3,000 റിയാലിൽ കുറവ് വേതനമുള്ള സ്വദേശി ജീവനക്കാരനെ നിതാഖാത്ത് പ്രകാരം സ്വദേശിവൽക്കരണ അനുപാതം കണക്കാക്കുന്നതിൽ പരിഗണിക്കുകയുമില്ല. 3,001 റിയാൽ മുതൽ 3,999 റിയാൽ വരെ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരനെയും അര ജീവനക്കാരന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുക. പാർട്ട് ടൈം അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശിയെ അര ജീവനക്കാരന് തുല്യമായി സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കും. ഇതിന് മിനിമം 3,000 റിയാൽ വേതനത്തോടെ പാർട്ട് ടൈം ജീവനക്കാരനെ ഗോസിയിൽ രജിസ്റ്റർ ചെയ്ത് അതിനനുസരിച്ച വരിസംഖ്യ അടക്കണമെന്ന് വ്യവസ്ഥയുണ്ട്. 
പാർട്ട് ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ രണ്ടിൽ കൂടുതൽ സ്ഥാപനങ്ങളിലെ സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കുകയുമില്ല. ഫഌക്‌സിബിൾ തൊഴിൽ നിയമം അനുസരിച്ച് ജോലി ചെയ്യുന്ന സ്വദേശിയെ മൂന്നിലൊന്ന് സൗദി ജീവനക്കാരന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുക. ഇതിന് മാസത്തിൽ 168 മണിക്കൂർ ജോലി പൂർത്തിയാക്കണമെന്നും ഗോസിയിൽ വരിസംഖ്യ അടക്കണമെന്നും വ്യവസ്ഥയുണ്ട്. 


 

Latest News