ബെംഗളൂരു- കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയില്‍ 29 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുരുഗേഷ് നിരാനി, ബി സി പാട്ടില്‍, ഡോ. സി എന്‍ അശ്വത് നാരായണ്‍ തുടങ്ങി പ്രമുഖരും മന്ത്രിസഭയില്‍ ഇടം നേടി. ഉപമുഖ്യമന്ത്രി ആയി ആരുമില്ല. അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളും യുവ മുഖങ്ങളും മന്ത്രിസഭയിലുണ്ടാകുമെന്ന് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു. പുതിയ മന്ത്രിമാരില്‍ ഒരാള്‍ മാത്രമാണ് വനിത. എട്ടു പേര്‍ പ്രബലരായ ലിംഗായത്ത് സമുദായക്കാരും ഏഴു പേര്‍ വൊക്കലിഗ സമുദായക്കാരുമാണ്. ഒബിസി വിഭാഗത്തില്‍ നിന്നും ഏഴ് പേരുണ്ട്. എസ് സി വിഭാഗത്തില്‍ നിന്ന് മൂന്ന് പേരും എസ് ടി, റെഡ്ഡി വിഭാഗത്തില്‍ നിന്ന് ഒരാള്‍ വീതവുമാണ് മന്ത്രിസഭയിലെ സമുദായിക പ്രാതിനിധ്യം.