- കോഹ്‌ലി ക്രിക്കറ്റർ ഓഫ് ദ ഇയർ, ഏകദിനത്തിലെ മികച്ച താരം, മികച്ച നായകൻ
- ട്വന്റി20 യിലെ മികച്ച പ്രകടനം ചാഹലിന്റേത്
ദുബായ് - ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ പരാജയം വാങ്ങി വൻ വിമർശനം നേരിടുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഐ.സി.സിയുടെ തലോടൽ. ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയറായും ഏകദിനത്തിലെ മികച്ച കളിക്കാരനായും ഐ.സി.സി ടെസ്റ്റ്, ഏകദിന ഇലവനുകളുടെ നായകനായും കോഹ്‌ലിയെ തെരഞ്ഞെടുത്തു. മികച്ച ക്യാപ്റ്റനും കോഹ്‌ലി തന്നെ. 2012 ലും കോഹ്‌ലി ഏകദിനത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ടെസ്റ്റ് കളിക്കാരൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്. ചാമ്പ്യൻസ് ട്രോഫിയിലെ പ്ലയർ ഓഫ് ദ ടൂർണമെന്റായ പാക്കിസ്ഥാന്റെ ഹസൻ അലിയാണ് മികച്ച യുവ താരം. അസോസിയേറ്റ് ടീമുകളിലെ മികച്ച കളിക്കാരനായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു.
ട്വന്റി20 യിലെ മികച്ച പ്രകടനം ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന്റേതാണ്. ഇംഗ്ലണ്ടിനെതിരെ 25 റൺസിന് ആറ് വിക്കറ്റെടുത്തതാണ് അംഗീകരിക്കപ്പെട്ടത്. രണ്ടിന് 113 ൽ നിന്ന് 127 ന് ഇംഗ്ലണ്ടിനെ ഓളൗട്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു ചാഹൽ. മികച്ച അമ്പയർ മറായ്‌സ് എറാസ്മസാണ് (ദക്ഷിണാഫ്രിക്ക).
അവാർഡ് കാലാവധിയിൽ കോഹ്‌ലി ടെസ്റ്റിൽ ആറ് ഇരട്ട സെഞ്ചുറിയുൾപ്പെടെ 2203 റൺസടിച്ചു. ഏകദിനത്തിൽ ഏഴ് സെഞ്ചുറിയുൾപ്പെടെ 1818 റൺസ് നേടി. മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലും ഇന്ത്യയെ റാങ്കിംഗിൽ ആദ്യ മൂന്നിലേക്ക് നയിച്ചു. ക്രിക്കറ്റർ ഓഫ് ദ ഇയറിന് സർ ഗാർഫീൽഡ് സോബേഴ്‌സ് ബഹുമതിയാണ് ലഭിക്കുക.
തുടർച്ചയായി രണ്ടാം വർഷവും ഇന്ത്യക്കാരന് ബഹുമതി ലഭിച്ചതിൽ കോഹ്‌ലി സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ആർ. അശ്വിനാണ് കിട്ടിയത്. സചിൻ ടെണ്ടുൽക്കർ (2010), രാഹുൽ ദ്രാവിഡ് (2004) എന്നിവരാണ് ക്രിക്കറ്റർ ഓഫ് ദ ഇയറായ മറ്റ് ഇന്ത്യക്കാർ.
ഇരുപത്തൊമ്പത് വയസ്സാവുമ്പോഴേക്കും ടെസ്റ്റിൽ 32 സെഞ്ചുറിയടിച്ച കോഹ്‌ലി തകർക്കാനാവില്ലെന്നു കരുതിയ സചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനോടടുക്കുകയാണ്.
സ്മിത്ത് കഴിഞ്ഞ നാലു വർഷവും ആയിരത്തിലേറെ റൺസ് നേടിയിരുന്നു. അവാർഡ് കാലയളവിൽ 1875 റൺസടിച്ചു. 2015 ലും ടെസ്റ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചു വർഷത്തിനിടെ നാലാം തവണയാണ് ഓസീസ് കളിക്കാർ മികച്ച ടെസ്റ്റ് താരമാവുന്നത്. മൈക്കിൾ ക്ലാർക്ക് (2013), മിച്ചൽ ജോൺസൺ (2014) എന്നിവരാണ് മറ്റുള്ളവർ.
മികച്ച കളിക്കാരെ ഉൾപ്പെടുത്തിയ ഐ.സി.സി ടെസ്റ്റ് ഇലവനിൽ കോഹ്‌ലിക്കു പുറമെ ചേതേശ്വർ പൂജാരയും അശ്വിനും ഇടം നേടി. ബെസ്റ്റ് ഏകദിന ഇലവനിൽ കോഹ്‌ലിക്കു പുറമെ രോഹിത് ശർമയും ജസ്പ്രീത് ബുംറയുമാണ് ഉള്ളത്.